cow

* ജില്ലയിൽ 51 കന്നുകാലികൾ ചത്തു

കൊച്ചി: മാസങ്ങളായി തുടരുന്ന കനത്തചൂടും സൂര്യാതപവും ജില്ലയിലെ കാർഷിക, മൃഗസംരക്ഷണ മേഖലയുടെ നടുവൊടിക്കുന്നു. വാഴ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവിളകൾ ഉണങ്ങി നശിക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങളും ചത്തുവീഴുകയാണ്.

ജില്ലയിൽ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സൂര്യാഘാതമേറ്റ് 42 കന്നുകാലികളും 9 പോത്തുകളും ചത്തതായാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. പച്ചക്കറി, വാഴ, പഴവർഗങ്ങളുടെ നഷ്ടക്കണക്ക് എന്നിവ ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല. ഉയർന്ന താപനിലയ്ക്കൊപ്പം ജലദൗർലഭ്യവും കീടബാധയുമാണ് കാർഷികവിളകളെ ബാധിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്താൽ രക്തപരാദങ്ങൾ ഉണ്ടാക്കുന്ന തൈലേറിയോസിസ്, അനാപ്ലാസ്‌മോസിസ് ബബീസിയോസിസ് പോലെയുള്ള അസുഖങ്ങളാണ് കന്നുകാലികളെ ദുർബലരാക്കുന്നത്. പട്ടുണ്ണിപോലെയുള്ള ബാഹ്യപരാദങ്ങളാണ് അപകടകാരികളായ രക്തപരാദങ്ങളെ കന്നുകാലികളിലേക്ക് എത്തിക്കുന്നത്. വേനൽ കനത്തതോടെ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞത് ക്ഷീരകർഷകരേയും പ്രതിസന്ധിയിലാക്കി. ഉരുക്കളുടെ അകാലമരണം കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ വഷളാവുകയാണ്. സൂര്യാഘാതമേറ്റ് മരണമടയുന്ന കന്നുകാലികൾക്ക് നഷ്ടപരിഹാരം നൽകുന്നത് മൃഗസംരക്ഷണവകുപ്പ് പരിഗണിക്കുന്നുണ്ട്.

* ക്ഷീരകർഷകർ ശ്രദ്ധിക്കണം

കന്നുകാലികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിലേ മൃഗാശുപത്രിയിൽ അറിയിച്ച് ചികിത്സതേടണം. മരണമടഞ്ഞാൽ പോസ്റ്റുമോർട്ടം നടത്തി അതിന്റെ സർട്ടിഫിക്കറ്റും കന്നുകാലിയുടെ ഫോട്ടോയും വാർഡ് മെമ്പറുടെ/ പ്രസിഡന്റിന്റെ ശുപാർശയും റവന്യൂ വകുപ്പിൽനിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷ അതാത് മൃഗാശുപത്രിയിൽ സമർപ്പിക്കണം.

* തൊഴുത്തിൽ ചൂടിനെ പ്രതിരോധിക്കാം

തൊഴുത്തിൽ ചൂടും ഈർപ്പവും കുറക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ മേൽക്കൂര നനക്കണം. തൊഴുത്തിലെ ചൂടുവായു പുറത്തേക്ക് തള്ളിക്കളയാനായി ഡയറിഫാൻ/പെഡസ്ട്രിയൽ ഫാനുകൾ ഉപയോഗിക്കണം. നിർജ്ജലീകരണം ഒഴിവാക്കൻ എപ്പോഴും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം.

പകൽ 10നും വൈകിട്ട് 5നും ഇടയ്ക്ക് വളർത്ത് മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടരുത്. ഭക്ഷണത്തോടൊപ്പം ധാതുലവണ മിശ്രിതം, ഇലക്ട്രോലൈറ്റ്‌സ്, പ്രോബയോട്ടിക്‌സ് എന്നിവ നൽകുന്നത് പാലളവ് കുറയാതിരിക്കാൻ സഹായിക്കും. പട്ടുണ്ണിപോലുള്ള ബാഹ്യപരാദങ്ങളെ നശിപ്പിക്കുന്നതിലും ശ്രദ്ധവേണം.

* സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ

വളർത്ത് മൃഗങ്ങൾ ക്രമാതീതമായി വായതുറന്ന് അണക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തുണിയോ ചണച്ചാക്കോ നനച്ച് തുടക്കുന്നത് നല്ലതാണ്. വായിൽനിന്ന് നുരയും പതയും വരുന്നതും നാക്ക് പുറത്തിട്ട് അണക്കുന്നതും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇവ കണ്ടാൽ ഉടൻ വിദഗ്ദ്ധചികിത്സ നൽകണം.