മൂവാറ്റുപുഴ : ആവോലി പഞ്ചായത്ത് നടുക്കര പ്രദേശത്ത് ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം സെൽബി പ്രവീണിന്റെ നേതൃത്വത്തിൽ ജനങ്ങൾ വാട്ടർ അതോറിറ്റി എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചു. പതിനഞ്ച് ദിവസമായി നടുക്കര പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും ജനങ്ങൾക്ക് ജലം ലഭിക്കാത്ത സാഹചര്യമാണുള്ളത്.
അറ്റകുറ്റ പണികൾ നടക്കുന്നുവെന്നും പമ്പ്സെറ്റ് ആവശ്യത്തിനുളളിൽ തുടങ്ങിയ കാരണങ്ങളാൽ പമ്പിങ് നടത്താൻ സാധിക്കുന്നില്ല എന്നാണ് അധികൃതർ അറിയിച്ചത് .എന്നാൽ രണ്ട് പമ്പ്സെറ്റുകൾ ഉൾപ്പെടെ ഒന്നര വർഷകാലമായി ഉപയോഗിക്കാതെ കിടക്കുന്നു എന്ന് ചൂണ്ടി കാണിച്ചാണ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഉപരോധം നടത്തിയത്. ഉപരോധ സമരത്തിൽ എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത്, എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം വി.എസ്.അനസ്, സൈജൽ പാലിയത്ത്, അബിൽ മാത്യു, ഗൗതം കൃഷ്ണ, ക്രിസ്റ്റി റോയി, എന്നിവർ നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ സമരക്കാരുമായി ചർച്ച നടത്തുകയും രണ്ട് ദിവസത്തിനുള്ളിൽ അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് കുടിവെള്ളവിതരണം പുനസ്ഥാപിക്കുന്നതാണെന്നും അറിയിക്കുകയും ചെയ്തു, എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.