കൊച്ചി: മത്സ്യമേഖലയിൽ സുസ്ഥിരത സംരക്ഷിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനവും (സിഫ്‌റ്റ് ) ബംഗളൂരുവിലെ ഇന്ത്യൻ മറൈൻ ഇൻഗ്രീഡിയന്റ്‌സ് അസോസിയേഷനും (ഐ.എം.ഐ.എ) ധാരണയിലെത്തി. സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ഐ.എം.ഐ.എ പ്രസിഡന്റ് മുഹമ്മദ് ദാവൂദ് സെയ്തും ധാരണാപത്രത്തിൽ ഒപ്പിട്ടു.
മത്സ്യസംസ്‌കരണ മേഖലയിൽ മത്സ്യാവശിഷ്ടങ്ങൾ ഉപയോഗിച്ച് ഫിഷ്‌മീൽ നിർമ്മിക്കാൻ നവീകരിച്ച ഉത്പാദനപ്രക്രിയ സ്വീകരിക്കും. മത്സ്യയെണ്ണയിൽ നിന്നുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, ഫീഡ് ഫോർമുലേഷനുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ഉത്പാദിപ്പിക്കാൻ സിഫ്‌റ്റിന് ഐ.എം.ഐ.എയ്ക്ക് സാങ്കേതിക ഉപദേശവും പിന്തുണയും നൽകുമെന്ന് അധികൃതർ അറിയിച്ചു.