കൊച്ചി: കൊച്ചി നഗരസഭയുടെ അസസ്‌മെന്റ് രജിസ്റ്ററിൽ രണ്ടുലക്ഷത്തിലധികം വാണിജ്യ കെട്ടിടങ്ങളുള്ളപ്പോൾ ഇന്നലെ വരെ കെ-സ്മാർട്ടിലൂടെ ലൈസൻസ് പുതുക്കാൻ കഴിഞ്ഞത് 1552 കച്ചവട സ്ഥാപനങ്ങൾക്കുമാത്രമാണെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. പുതിയതായി 440 സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്. രണ്ടുലക്ഷത്തിന് മുകളിൽ വാണിജ്യ കെട്ടിടങ്ങളുള്ള നഗരസഭയുടെ ആറ് ശതമാനം മാത്രമാണിത്.

ലൈസൻസ് പുതുക്കാൻ ജൂൺ 31 വരെ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിന് 2024-2025 വർഷത്തെ കെട്ടിടനികുതി അഡ്വാൻസായി വ്യാപാരികൾ അടയ്ക്കണം. ഓൺലൈനിൽ കെട്ടിട നികുതി അടയ്ക്കുമ്പോൾ പിഴപ്പലിശ അടയ്ക്കേണ്ടി വരുന്നുണ്ട്. ഇതിന് പുറമെയാണ് 100 ശതമാനം വർദ്ധിപ്പിച്ച കെട്ടിടനികുതി. കിട്ടാനുള്ള നികുതിയും ഫീസ് പിരിച്ചെടുക്കാതെ നികുതി വർദ്ധിപ്പിച്ച് വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. മേയർ വ്യാപാരികളോട് കാണിക്കുന്ന വലിയ നീതികേടാണെന്നും കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.