blasters

ഇവാൻ വുകോമനോവിച്ചിൽ നിന്ന് കേരള ബ്ളാസ്റ്റേഴ്സ് ഒരുകോടി രൂപ പിഴ ഈടാക്കി

കൊച്ചി: ഒരു കോടി രൂപ പിഴയായി ഈടാക്കിയശേഷമാണ് ഐ.എസ്.എൽ ഫുട്ബാൾ ക്ളബ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള ബന്ധം പിരിഞ്ഞതെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ നിന്ന് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ളാസ്റ്റേഴ്സ് പിൻമാറിയതിന് എ.ഐ.എഫ്.എഫ് വലിയ തുക പിഴ ചുമത്തിയിരുന്നു. ഇതിന്റെ ഒരുഭാഗം പരിശീലകനിൽ നിന്ന് ടീം മാനേജ്മെന്റ് ഈടാക്കിയെന്ന് കേസിൽ കോർട്ട് ഒഫ് ആർബിട്രേഷന് ക്ലബ്ബ് നൽകിയ അപ്പീലിലാണ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയ തന്നിൽ നിന്ന് പണം വാങ്ങിയതാണ് ബ്ളാസ്റ്റേഴ്സ് വിട്ടുപോകാൻ ഇവാൻ തീരുമാനിക്കാൻ കാരണമായതെന്ന് സൂചനയുണ്ട്.

റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ബംഗളൂരിനെതിരായ പ്ലേഓഫ് മത്സരം ബഹിഷ്‌ക്കരിച്ചത്. സംഭവത്തെ തുടർന്ന് ബ്ലാസ്‌റ്റേഴ്‌സ് ടീമിന് 4 കോടി രൂപ പിഴയും, കോച്ചിന് 5 ലക്ഷം രൂപ പിഴയും 10 കളികളിൽ വിലക്കുമാണ് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ശിക്ഷ വിധിച്ചത്. പിഴയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സ് തള്ളിയിരുന്നു. സാധാരണഗതിയിൽ ടീമിനുള്ള പിഴ ക്ലബ് ഉടമകളാണ് വഹിക്കാറുള്ളത്. എന്നാൽ പരിശീലകന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വുകോമനോവിച്ചിൽ നിന്ന് ഒരു കോടി രൂപ ഈടാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

പരിശീലകനിൽ നിന്ന് പിഴ ചുമത്തിയ നടപടിക്കെതിരെ ആരാധകരിൽ നിന്ന് വലിയ പ്രതിഷേധമുയരുന്നുണ്ട്. ഏപ്രിൽ 26നാണ് ആരാധകർ ആശാനെന്ന് വിളിക്കുന്ന ഇവാൻ ബ്ലാസ്‌റ്റേഴ്‌സിൽ തുടരാനില്ലെന്ന് അറിയിച്ചത്. തുടർച്ചയായ മൂന്ന് സീസണുകളിൽ ടീമിനെ പ്ലേഓഫിലെത്തിച്ച ഇവാന് 2025 വരെ കരാറുണ്ടായിരുന്നു. ഇവാന്റെ അപ്രതീക്ഷിത വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു.