കൊച്ചി: ഇന്റർനെറ്റ് പോലുള്ള സാങ്കേതിക വിദ്യകൾ ജനങ്ങളെ രണ്ടായി വേർതിരിക്കുമെന്ന് ചർച്ച ചെയ്തിരുന്ന കാലത്ത്, വിവരവിനിമയ സാങ്കേതികവിദ്യയെ ജനകീയമാക്കാൻ കഴിയുമെന്ന് തെളിയിച്ച ക്രാന്തദർശിയായിരുന്നു എൻ.എച്ച്. അൻവറെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ പറഞ്ഞു.
കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരളവിഷൻ സംരംഭങ്ങളുടെ ഉപജ്ഞാതാവുമായിരുന്ന എൻ.എച്ച്. അൻവറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങും മാദ്ധ്യമ പുരസ്‌കാരദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ഡോ. എം.ജി. സുരേഷ്‌കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ എൻ.എച്ച്. അൻവർ പുരസ്‌കാരം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണന് എൻ.എസ്. മാധവൻ സമർപ്പിച്ചു. ചടങ്ങിൽ സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു.
സാറ്റലൈറ്റ് ചാനലുകളിലെ മികച്ച റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ ശ്രാവൺ കൃഷ്ണ അർഹനായി. എഷ്യാനെറ്റ് ന്യൂസിലെ സുഹൈൽ അഹമദ് പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹനായി.
കേബിൾ ചാനൽ വിഭാഗത്തിൽ കോട്ടയം ദ്യശ്യ ചാനലിലെ ജോജു ജോസഫ് (റിപ്പോർട്ടർ), ഷീലറ്റ് ഷിജോ (ക്യാമറാമാൻ), പ്രശോഭ് കുമാർ (വിഷ്വൽ എഡിറ്റർ) എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
സിനിമാ മാദ്ധ്യമ നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, എൻ.എച്ച്. അൻവർ ട്രസ്റ്റ് ചെയർമാൻ അഡ്വ. എസ്.കെ. അബ്ദുള്ള, ടി.സി.സി.എൽ ചെയർമാൻ ഷഖിലൻ, ടൈംസ് നെറ്റ്‌വർക്ക് സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, ട്രഷറർ ബിനു ശിവദാസ്, ഇൻഫോ മീഡിയ സി.ഇ.ഒ എൻ.ഇ. ഹരികുമാർ എൻ.എച്ച്. അൻവർ ട്രസ്റ്റ് സെക്രട്ടറി കെ.വി. രാജൻ, ട്രഷറർ അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.