sndp

തൃപ്പൂണിത്തുറ: നൂറുമേനിത്തിളക്കത്തിന്റെ കുത്തക തുടർച്ചയായി അഞ്ചാം വർഷവും കൈവിടാതെ ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതും വിജയത്തിളക്കത്തിൽ ഒന്നാമതെത്തിയതും ഈ സ്കൂൾ തന്നെയാണ്.

പരീക്ഷയെഴുതിയ 527 കുട്ടികളിൽ 104 പേർ മുഴുവൻ എ പ്ലസ് നേടി. കഴിഞ്ഞവർഷം 540 കുട്ടികളാണ് പരീക്ഷയെഴുതിയത്. 111പേർക്ക് ഫുൾ എ പ്ളസും ലഭിച്ചു.

പാഠ്യവും പാഠ്യേതരവുമായ എല്ലാ മേഖലകളിലും വർഷങ്ങളായി മികവു പുലർത്തി വരുന്ന ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിലെ വിദ്യാർത്ഥികളിൽ ഏറെപ്പേരും പിന്നാക്ക പ്രദേശമായ ഉദയംപേരൂരിലും പരിസരത്തുമുള്ള സാധാരണക്കാരുടെ മക്കളാണ്. വിദ്യാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും രക്ഷിതാക്കളുടെയും പി.ടി.എയുടെയും മാനേജ്മെന്റിന്റെയും കൈമെയ് മറന്നുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ കെ.പി.വിനോദ് കുമാറും ഹെഡ് മിസ്ട്രസ് എം.പി. നടാഷയും പറഞ്ഞു.

എറണാകുളം ജില്ലയിലെ ഇന്നോവറ്റീവ് സ്കൂൾ പുരസ്‌കാര ജേതാക്കളായ സ്കൂൾ കുട്ടി​കളെയും നാട്ടുകാരെയും പങ്കെടുപ്പി​ച്ച് നി​രവധി​ സാമൂഹി​ക സേവന പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കഴി​ഞ്ഞ വർഷം വി​രമി​ച്ച പ്രി​ൻസി​പ്പൽ ഇ.ജി​.ബാബുവി​ന്റെ നേതൃത്വത്തി​ൽ ഒരു പതി​റ്റാണ്ട് മുമ്പ് തുടങ്ങി​യ പ്രവർത്തനങ്ങളാണ് സ്കൂളിനെ ഒന്നാം നമ്പറാക്കി​ വളർത്തി​യത്. എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഏറ്റവുധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.

ഉദയംപേരൂരിന്റെ വിജയരഹസ്യം

ജൂൺ മുതൽ ക്ളാസിനൊപ്പം ഓരോ കുട്ടിക്കും നൽകുന്ന അധിക സമയം പ്രത്യേക പരിശീലനവുമാണ് ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിന്റെ വിജയരഹസ്യങ്ങളിൽ പ്രധാനം. അവധി ദിന ക്ലാസുകളും രാത്രികാല ക്ലാസുകളും വർഷങ്ങളായി ഈ വിദ്യാലയത്തിൽ നടക്കുന്നു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പരിപാടികൾ ഇപ്പോഴേ ആസൂത്രണം ചെയ്തു തുടങ്ങി. എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന്റെ നേതൃത്വത്തിൽ ഉദയംപേരൂർ ശാഖാ പ്രസിഡന്റ് എൽ.സന്തോഷ്, സെക്രട്ടറി ഡി. ജിനു രാജ്, പി.ടി.എ പ്രസിഡന്റ് കെ. എം. അനിൽകുമാർ തുടങ്ങിയവരാണ് സ്കൂളിന് ചുക്കാൻ പിടിക്കുന്നത്. അദ്ധ്യാപകരുടെയും ശാഖാ ഭാരവാഹി​കളുടെ വീടുകളി​ലും പ്രത്യേക പരി​ഗണന വേണ്ട കുട്ടി​കളെ താമസി​പ്പി​ച്ച് പഠി​പ്പി​ക്കാറുണ്ട്. സ്കൂൾ വളപ്പിൽ തന്നെയാണ് എസ്.എൻ.ഡി.പി. യോഗം ശാഖാ ഓഫീസും ശ്രീനാരായണ വിജയ സമാജം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും.

ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂൾ


ആകെ കുട്ടികൾ : 3187
അദ്ധ്യാപകർ : 101

എസ്.എസ്.എൽ.സി. : 527

ഹയർ സെക്കൻഡറി : 466