കൊച്ചി: നഗരത്തിന് ഒത്തനടുവിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ തള്ളിയതിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് പൊലീസിനും കൊച്ചി കോർപ്പറേഷനിലും പരാതി നൽകി മഹാരാജാസ് കോളേജ്. 'ഷെയിം... കൊച്ചി.... ചീഞ്ഞുനാറി മഹാരാജാസ് കോളേജ്" എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷജില ബീവിയും ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി റീന ജോസഫും സ്ഥലം സന്ദർശിച്ചു. കുമിഞ്ഞുകൂടിയ മാലിന്യമെടുത്ത് മാറ്റുന്നതിന് കോർപ്പറേഷനെ സമീപിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു. മേയറുമായി ഫോണിൽ സംസാരിച്ചു. സെൻട്രൽ പൊലീസിൽ രേഖാമൂലം പരാതി നൽകി. ആരാണ് മാലിന്യം തള്ളുന്നതെന്നറിയാൽ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന്റെ സഹായം തേടും. തള്ളിയ മാലിന്യങ്ങളിൽ നിന്ന് വിവിധ സ്ഥാപനങ്ങളുടെ ബില്ലുകൾ കോളേജ് അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗ്രൗണ്ടിൽ മാലിന്യം തള്ളുന്നത് അംഗീകരിക്കാനാവില്ല. കുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലമാണിത്. തിരക്കുള്ള സ്ഥലത്ത് എം.ജി റോഡിനോട് ചേർന്നാണ് ഇത്രയേറെ മാലിന്യം തള്ളിയത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിന് നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
പ്രദേശത്തെ ഹോട്ടലുകളിൽ നിന്നുൾപ്പെടെ രാത്രിയിൽ മാലിന്യം തള്ളുന്നുണ്ട്. ഗാർഹികമാലിന്യം ഇതിലില്ലെന്നാണ് സൂചന. മാലിന്യം എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് അധികൃതർ. നനഞ്ഞതും പ്ലാസ്റ്റിക്കും ഭക്ഷണ മാലിന്യവും കൂടിക്കലർന്ന തരത്തിലുള്ള മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. എങ്കിലും മറ്റ് മാർഗങ്ങൾ കണ്ടെത്തുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ചുറ്റുമതിൽ ഉയർത്തും
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രൗണ്ടിന്റെ ചുറ്റുമതിൽ നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ട് അടി കൂടി ഉയരത്തിൽ മതിലുകെട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് അടക്കം 17 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ മതിൽക്കെട്ടി ഗ്രൗണ്ട് സുരക്ഷിതമാക്കും.
മാലിന്യ വിഷയത്തിൽ കോർപ്പറേഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ഇവന്റ് മാനേജ്മെന്റിന്റെ അടക്കം മാലിന്യങ്ങളുണ്ടെന്നാണ് മനസിലാക്കിയത്. നിക്ഷേപിക്കുന്നവരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കും
ഡോ. ഷജില ബീവി
പ്രിൻസിപ്പൽ
മഹാരാജാസ് കോളേജ്
കോളേജ് പ്രിൻസിപ്പലുമായി സംസാരിച്ചിരുന്നു. മാലിന്യം ഇവിടെനിന്ന് മാറ്റുന്നതിന് ഹെൽത്ത് ഓഫീസറുമായി സംസാരിച്ചിട്ടുണ്ട്. ഹെൽത്ത് ഓഫീസർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
എം. അനിൽകുമാർ
മേയർ