ചോറ്റാനിക്കര: സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക് സൈക്കിൾ ഹിറ്റായതിനു പിന്നാലെ മൊബൈൽ ഫോൺ ക്യാമറ ഫിറ്റ് ചെയ്ത ഡ്രോൺ നിർമ്മിച്ചു പറത്തി പ്ലസ് ടു സയൻസ് വിദ്യാർത്ഥി ശ്രീഹരി നന്ദനൻ. തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്.
പല ചെറിയ കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ള തിരുവാങ്കുളം 'അഞ്ജലി'യിൽ ശ്രീഹരി 2017ൽ ഒരു കല്യാണ വീട്ടിലാണ് ആദ്യമായി ഡ്രോൺ ക്യാമറ കണ്ടത്. യൂട്യൂബ് നോക്കി 2022ൽ ബേസ് മോഡൽ ഉണ്ടാക്കി. വെളിയനാട് ചിന്മയ മിഷനിലെ 'വി ലീഡ്' ക്യാമ്പിൽ അദ്ധ്യാപകരുടെ മുന്നിലായിരുന്നു പരീക്ഷണ പറക്കൽ. ശ്രീഹരിയുടെ കഴിവ് തിരിച്ചറിഞ്ഞ് ക്യാമ്പ് ഡയറക്ടർ ജോബി ബാലകൃഷ്ണൻ കാസർകോട് കേന്ദ്രസർവകലാശാലയിൽ എത്തിച്ചു. അവിടെവച്ചാണ് എഫ്.പി.വി ഡ്രോണിനെക്കുറിച്ച് മനസിലാക്കുന്നത്.
2023 ഒക്ടോബറിൽ പൂർത്തിയാക്കിയ ഡ്രോൺ മൂന്നുവട്ടം പരാജയപ്പെട്ടു. ഒരുവട്ടം കത്തിപ്പോയി. ഒടുവിൽ വിജയകരമായി പറത്തി അതിലെ ക്യാമറാദൃശ്യങ്ങൾ മൊബൈലിൽ റെക്കാഡ് ചെയ്‌തു. പ്രൊഫഷണൽ ഡ്രോണുകളുടേതിന് സമാനമായിരുന്നു ദൃശ്യങ്ങൾ.
249 ഗ്രാമിലേറെ ഭാരമുള്ള ഡ്രോൺ പറത്താൻ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ ലൈസൻസ് വേണം. പാസ്പോർട്ടും വേണ്ടതിനാൽ നവംബറിൽ 18 വയസ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ശ്രീഹരി.
പിതാവ് രഘുനന്ദൻ പബ്ലിഷിംഗ് കമ്പനി ജീവനക്കാരൻ. മാതാവ് പ്രഭാചന്ദ്രൻ കെ.എസ്.ഇ.ബി സീനിയർ അസിസ്റ്റന്റ്. ഇളയ സഹോദരൻ ശ്രീറാം ചിന്മയ മിഷൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥി.
ശ്രീഹരിയുടെ ഡ്രോൺ
1.5 കിലോ ഭാരം
1.5 കിലോമീറ്റർ ചുറ്റളവിൽ പറക്കും
ചെലവ്: ഒന്നേകാൽ ലക്ഷം രൂപ
എഫ്. പി. വി ഡ്രോൺ
ഫസ്റ്റ് പേഴ്സൺ വ്യൂ (എഫ്.പി.വി) സാങ്കേതികത്തികവുള്ളതാണ് ശ്രീഹരിയുടെ ഡ്രോൺ.
വിമാനത്തിലെ പൈലറ്റ് കാണുന്നപോലുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറ അത് വയർലെസായി ഭൂമിയിലേക്ക് അയയ്ക്കും. റിമോട്ട് നിയന്ത്രിത ഡ്രോണിൽ നിന്നുള്ള ദൃശ്യങ്ങൾ മൊബൈൽ ഫോണിലോ മറ്റ് ഡിവൈസുകളിലോ റെക്കാഡ് ചെയ്യാം.
മറ്റ് കണ്ടുപിടിത്തങ്ങൾ
ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ: കൊവിഡുകാലത്ത് സെൻസറും ഐ.സിയും ഉപയോഗിച്ച് നിർമ്മിച്ച് വൈക്കം എൻ.എസ്.എസ് കരയോഗത്തിന് നൽകി.
ഇലക്ട്രിക് സൈക്കിൾ: സാദാ സൈക്കിളിനെ 24വോൾട്ട് ഡി.സി മോട്ടോർ, ബൈക്കിന്റെ ആക്സിലറേറ്റർ തുടങ്ങിയവ ഉപയോഗിച്ച് ഇലക്ട്രിക് സൈക്കിളാക്കി. ചാർജ് ചെയ്താൽ അര മണിക്കൂർ ഉപയോഗിക്കാം.
''ഇലക്ട്രോണിക്സാണ് ഇഷ്ടവിഷയം. പ്ലസ്ടുവിനു ശേഷം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് പഠിക്കണം. ആ രംഗത്ത് പ്രവർത്തിക്കണം.
- ശ്രീഹരി നന്ദനൻ