കൊച്ചി: സോഷ്യലിസ്റ്റ് പാർട്ടി ദേശീയ പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ തമ്പാൻ തോമസ് ശതാഭിഷേക നിറവിൽ. മേയ് 11ന് അദ്ദേഹത്തിന് 84 വയസ് തികയും. ആഘോഷങ്ങളില്ല. എറണാകുളം ജനറൽ ആശുപത്രിക്കരികെ മാർക്കറ്റ് റോഡിലെ വീട്ടിൽ രാവിലെ 11ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് കേക്ക് മുറിക്കും.
18-ാം വയസിൽ തുടങ്ങിയ സംഭവബഹുലമായ പൊതുജീവിതമാണ് തമ്പാൻ തോമസിന്റേത്. രാഷ്ട്രീയ - ട്രേഡ് യൂണിയൻ നേതാവ്, പാർലമെന്റംഗം, സഹകാരി, അഭിഭാഷകൻ തുടങ്ങിയ മേഖലകളിലെ സംശുദ്ധമായ സംഭാവനകളാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
1940ൽ തിരുവല്ലയിൽ ജനിച്ച് ആലുവ യു.സി കോളേജിലും എറണാകുളം ലാ കോളേജിലും പഠിച്ച് ഹൈക്കോടതിയിൽ അഭിഭാഷക ജീവിതത്തിനും സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയജീവിതത്തിനും തുടക്കമിട്ടു. 17 വർഷത്തോളം എറണാകുളം ജില്ലാ സഹകരണ സൊസൈറ്റി പ്രസിഡന്റുമായിരുന്നു. അടിയന്തരാവസ്ഥയിൽ 18 മാസം ജയിൽവാസമനുഷ്ഠിച്ചു. ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യ, ആചാര്യ കൃപലാനി, ജോർജ് ഫെർണാണ്ടസ്, മധു ദന്തവതെ, എസ്. ചന്ദ്രശേഖർ, വി.പി. സിംഗ് തുടങ്ങിയവർക്കൊപ്പം സജീവമായിരുന്നു.
ഇന്ത്യയിലെ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനയായ എച്ച്.എം.എസിന്റെ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചു. 1984ലാണ് മാവേലിക്കരയിൽ നിന്ന് ജനതാദൾ സ്ഥാനാർത്ഥിയായി പാർലമെന്റിലെത്തിയത്. 'തൂലിക, തൂമ്പ, ജയിൽ പിന്നെ പാർലമെന്റും" എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാല്പതിലേറെ ലോകരാഷ്ട്രങ്ങളിൽ അന്തർദേശീയ സമ്മേളനങ്ങളിൽ തൊഴിലാളി പ്രതിനിധിയായി പങ്കെടുത്തു.