പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് അയയ്‌ക്കാൻ സഹായിക്കുന്ന സ്വകാര്യ ഏജൻസികളുടെ കൊള്ള അവസാനിപ്പിക്കാൻ പെരുമ്പാവൂർ ആസ്ഥാനമായ സന്നദ്ധ സംഘടന 'അതിഥി വെൽഫെയർ ഫോറം".
കേരളത്തിൽ മരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇപ്പോൾ സർക്കാർ ധനസഹായം നൽകുന്നില്ല. കമ്പനികളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ മരിച്ചാൽ ഉടമകൾ പണം മുടക്കി മൃതദേഹം നാട്ടിൽ എത്തിക്കും. എന്നാൽ ദിവസവേതനത്തിന് തൊഴിലാളികൾ മരിച്ചാൽ സഹതൊഴിലാളികൾ പിരിവെടുത്തോ ബന്ധുക്കൾ നാട്ടിൽ നിന്ന് പണം അയച്ചോ വേണം മൃതദേഹം കൊണ്ടുപോകാൻ.
റോഡു മാർഗം ദിവസങ്ങൾ എടുക്കുമെന്നതിനാൽ വിമാന മാർഗമാണ് മൃതദേഹങ്ങൾ സാധാരണ കൊണ്ടുപോകുന്നത്. ഇങ്ങനെ അയയ്ക്കാൻ സ്വകാര്യ ഏജൻസികൾ ലക്ഷങ്ങൾ തുക ഈടാക്കുന്നതായി മനസിലായതോടെയാണ് ചൂഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അതിഥി വെൽഫർ ഫോറം ഭാരവാഹികൾ പറഞ്ഞു. സഹായത്തിനായി പെരുമ്പാവൂരിലെ സംഘടനാ ഓഫീസുമായോ, 9400911233 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികളായ ഷിഹാബ് പറേലി, ബാവ ഹുസൈൻ, സുമേഷ് കുട്ടൻ എന്നിവർ പറഞ്ഞു.