vachal
കൂവപ്പടി-പെരുമ്പാവൂർ റോഡിലെ വാച്ചാൽ പാടത്ത് പാടത്ത് അപ്രോച്ച് റോഡിൽ മണ്ണ് നിരത്താതെ കിടക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി പെരുമ്പാവൂർ റോഡിലെ വാച്ചാൽ പാടത്തെ റോഡ് പണി മന്ദഗതിയിൽ. അഞ്ചരക്കോടി രൂപയ്ക്ക് സർക്കാർ കോൺട്രാക്ട് കൊടുത്ത് പണി ആരംഭിച്ചെങ്കിലും മൂന്നുമാസം കൊണ്ട് തീർക്കാവുന്ന പണി ആറുമാസം ആയിട്ടും എങ്ങും എത്തിയിട്ടില്ല. സ്‌കൂളുകൾ തുറക്കാനും മഴക്കാലം ആരംഭിക്കുവാനും ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. റോഡിന്റെ ഒരുവശം മണ്ണിട്ട് ഗതാഗതത്തിന് തുറന്നു കൊടുത്തെങ്കിലും വാഹനങ്ങൾ പോകുമ്പോൾ വൻ പൊടി ശല്യമാണ്. മഴ ആരംഭിച്ചാൽ വലിയ ചെളിയായി മാറുകയും അപകടങ്ങൾ ഉണ്ടാകുവാനും സാദ്ധ്യത ഏറെയാണ്. റോഡിന്റെ പണി ദീർഘിപ്പിച്ച് എസ്റ്റിമേറ്റ് തുക വർദ്ധിപ്പിക്കുവാനുള്ള കോൺട്രാക്ടർ- ഉദ്യോഗസ്ഥ ധാരണയാണ് പണി വൈകുന്നതിന് പിന്നിലെന്ന് ബി.ജെ.പി ഭാരവാഹികൾ ആരോപിക്കുന്നു.

നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് ആറുമാസത്തിൽ അധികമായി പണി പൂർത്തിയാകാതെ കിടക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആലാട്ടുചിറ, കോടനാട്, കുറിച്ചിലകോട്, ചേരാനല്ലൂർ, തോട്ടുവ, കൂടാലപ്പാട്, കൂവപ്പടി, ഐമുറി മേഖലകളിലെ ജനങ്ങൾക്ക് എം.സി. റോഡിലെ വല്ലം കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി എളുപ്പത്തിൽ പോകാവുന്ന വഴിയാണ് ഇത്. കൂടാതെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കപ്രികാട് അഭയാരണ്യം, പാണിയേലി പോര്, മലയാറ്റൂർ കുരിശുമുടി, മഹാഗണി തോട്ടം എന്നിവിടങ്ങളിലേക്കും ഇതുവഴി പോകാം.

മഴയ്ക്ക് മുൻപ് പണി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.

പി. അനിൽകുമാർ

അജിൽ കുമാർ മനയത്ത്

ദേവച്ചൻ പടയാട്ടിൽ

(ബി.ജെ.പി നേതാക്കൾ)

2018ലെ പ്രളയത്തിൽ റോഡിൽ നിന്ന് വെള്ളം ഉയർന്നത് 2.5 മീറ്റർ

വെള്ളപ്പൊക്കം വരുമ്പോൾ ഇക്കരെ ഉള്ളവർക്ക് മറുവശത്ത് എത്താൻ കഴിയുന്ന രൂപത്തിലാണ് പ്ലാൻ തയ്യാറാക്കിയത്. എന്നാൽ കലുങ്കുകളുടെ അപ്രോച്ച് റോഡിന്റെ പൊക്കം കുറച്ചാണ് സൈഡ് ഭിത്തി നിർമ്മാണം.