കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടി എറണാകുളം. സംസ്ഥാനത്ത് 99.86 ശതമാനം നേടി മൂന്നാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞവർഷം 99.92 ശതമാനവുമായി രണ്ടാം സ്ഥാനത്തായിരുന്നു. 2022ൽ 99.65 ശതമാനവുമായി നാലാം സ്ഥാനം നേടിയിരുന്നു. 2021ൽ 99.8, 2020ൽ 99.32, 2019ൽ 99.06 ശതമാനമായിരുന്നു വിജയം.
32,262 കുട്ടികളാണ് പരീക്ഷ എഴുതിയത്. 32,216 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. നാല് വിദ്യാഭ്യാസ ജില്ലകളിലായി 5,915 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കൂടുതൽ എ പ്ലസ് നേടിയത് പെൺകുട്ടികളാണ്. 4,057 പേർ.
പരീക്ഷ എഴുതിയവർ
ആകെ- 32,262
പെൺകുട്ടികൾ- 15,846
ആൺകുട്ടികൾ- 16,416
യോഗ്യത നേടിയവർ- 32,216
പെൺകുട്ടികൾ- 15,838
ആൺകുട്ടികൾ-16,378
ഫുൾ എപ്ലസ്
ആകെ- 5,915
ആൺകുട്ടികൾ- 1,858
പെൺകുട്ടികൾ- 4,057
100 മേനി സ്‌കൂളുകൾ
287 സ്കൂളുകൾ 100 ശതമാനം വിജയം. 82 സർക്കാർ സ്കൂളുകളും 155 എയ്ഡഡ് സ്കൂളുകളും 50 അൺ എയ്ഡഡ് സ്കൂളുകളുമാണ് 100 ശതമാനം വിജയിച്ചത്. ഒരു കുട്ടി മാത്രം പരീക്ഷ എഴുതിയ മൂവാറ്റുപുഴ എൻ.എസ്.എസ് എച്ച്.എസ്.എസ്, ഗവ. എച്ച്.എസ്.എസ് ശിവൻകുന്ന് എന്നീ സ്കൂളുകളും 100 ശതമാനം വിജയം നേടി.
വിജയം കുറഞ്ഞു
കഴിഞ്ഞവർഷം 99.92 ശതമാനത്തോടെ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. 792 കുട്ടികൾ കൂടുതൽ പരീക്ഷ എഴുതിയെങ്കിലും വിജയശതമാനം ഉയർന്നില്ല. 46 പേർക്ക് ഉപരിപഠനയോഗ്യത ലഭിച്ചില്ല.
ഒന്നാമത് മൂവാറ്റുപുഴ
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല 99.97 ശതമാനത്തോടെ ഒന്നാം സ്ഥാനം നിലനിറുത്തിയെങ്കിലും വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം 100 ശതമാനം വിജയമായിരുന്നു. 3,647 പേർ എഴുതിയതിൽ 3,646 പേർ വിജയിച്ചു. മൂവാറ്റുപുഴയിൽ ഒരാൾ മാത്രമാണ് തോറ്റത്. ആലുവ 99.88, എറണാകുളം 99.8, കോതമംഗലം 99.86 എന്നിങ്ങനെയാണ് മറ്റ് വിദ്യാഭ്യാസ ജില്ലകളിലെ വിജയശതമാനം.
എ പ്ലസ് തിളക്കം
1,574 പെൺകുട്ടികളും 765 ആൺകുട്ടികളും ഉൾപ്പെടെ 2,339 വിദ്യാർത്ഥികളാണ് ആലുവയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയത്. എറണാകുളം ഉപജില്ലയിൽ 1,207 പെൺകുട്ടികളും 480 ആൺകുട്ടികളും ഉൾപ്പെടെ 1,687 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കോതമംഗലത്ത് 714 പെൺകുട്ടികളും 335 ആൺകുട്ടികളും ഉൾപ്പെടെ 1,049 വിദ്യാർത്ഥികളും മൂവാറ്റുപുഴയിൽ 562 പെൺകുട്ടികളും 278 ആൺകുട്ടികളും ഉൾപ്പെടെ 840 വിദ്യാർത്ഥികൾക്കും ഫുൾ എ പ്ലസ് ലഭിച്ചു.
ലക്ഷദ്വീപിൽ 97.19 ശതമാനം
ലക്ഷദ്വീപിൽ 97.19 ശതമാനം വിജയം. കഴിഞ്ഞ വർഷം 97.92 ആയിരുന്നു. 285 വിദ്യാർത്ഥികളിൽ 277 പേർ ഉപരിപഠനത്തിന് അർഹരായി. മൂന്ന് വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.