കാലടി: ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെയും സായി ശങ്കരശാന്തി കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 11 ന് വൈകിട്ട് 3ന് ശൃംഗേരി മഠം ഓഡിറ്റോറിയത്തിൽ അദ്വൈത മഹാസംഗമം നടക്കും. എച്ച്.ആർ.ഡി.എസ് ഇന്ത്യ, പൗർണമിക്കാവ് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ആദിശങ്കര ജന്മഭൂമി ക്ഷേത്രാങ്കണത്തിലെ വേദിയിൽ മൈസൂർ മഠാധിപതി സ്വാമി ശ്രീശങ്കര ഭാരതി ഭദ്രദീപം തെളിക്കും. ശൃംഗേരി മഠം മാനേജർ പ്രൊഫ. സുബ്രഹ്മണ്യ അയ്യർ അദ്ധ്യക്ഷത വഹിക്കും. അദ്വൈത മഹാസംഗമം എച്ച്.ആർ.ഡി.എസ് ഇന്ത്യ പ്രസിഡന്റ് ഗുരു ആത്മനബി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാജ്ഞലിസ്വാമിയാർ ശങ്കരജയന്തി സന്ദേശം നൽകും. പർവീൺ ഹഫീസ് (മാനേജിംഗ് ഡയറക്ടർ, സൺറൈസ് ഹോസ്പിറ്റൽ), കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, പ്രീതി പ്രകാശ് പറക്കാട്ട് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിദ്യാഭ്യാസ സഹായ വിതരണം കെ.കെ. കർണ്ണനും ചികിത്സാ സഹായവിതരണം എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനും നിർവഹിക്കും.

മുൻകൂട്ടി കൂപ്പണുകൾ ലഭിച്ച 1501 വിദ്യാർത്ഥികൾ 11ന് ഉച്ചയ്ക്ക് 1.30ന് സമ്മേളന ഹാളിലെത്തി പാസ് വാങ്ങണമെന്ന് ശ്രീശങ്കര സങ്കേത് ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ടി.എസ്. ബൈജു, സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ എന്നിവർ അറിയിച്ചു.