കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗിൽ പരിഗണിച്ച ആറ് പരാതികളിൽ നാലെണ്ണം തീർപ്പാക്കി. സിറ്റിംഗിൽ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു.
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ഹൗസ് സർജൻസി കാലയളവിൽ സ്റ്റൈപ്പന്റ് അനുവദിക്കുന്നില്ലെന്ന പരാതിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർക്കായി സംവരണംചെയ്ത ഒഴിവുകളിലേയ്ക്ക് നിയമനം നടക്കുന്നില്ലെന്ന മുടക്കുഴ സ്വദേശിയുടെ പരാതിയിൽ നടപടികൾ ആരംഭിച്ചെന്ന സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ അവസാനിപ്പിച്ചു.
ആലുവ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ ആലുവ സ്വദേശിനി നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ന്യൂനപക്ഷക്ഷേമ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പണി പൂർത്തിയാക്കിയ ആരാധനാലയത്തെ കെട്ടിട നികുതിയിൽനിന്ന് ഒഴിവാക്കുന്നില്ലെന്ന വൈറ്റില ആൽഫുർക്കാൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയിൽ അപേക്ഷ സമർപ്പിച്ചാൽ നടപടിയെടുക്കാമെന്ന സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ച് തുടർനടപടി അവസാനിപ്പിച്ചു.