ogo
കളിയുടെ ലോഗോ

കോലഞ്ചേരി: ക്രിക്കറ്റ് ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കെ കോലഞ്ചേരിയിൽ ഐ.പി.എൽ മാതൃകയിലുള്ള ക്രിക്കറ്റ് ലീഗ് ശനി, ഞായർ ദിവസങ്ങളിലായി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കോലഞ്ചേരി പ്രസ് ക്ളബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്യൂപ്പിൾ ചോയ്സ് ക്രിക്കറ്റ് ലീഗിൽ ജില്ലയിലെ 12 ക്രിക്കറ്റ് ക്ളബുകളിൽ നിന്ന് 156 താരങ്ങൾ മാറ്റുരയ്ക്കും. ലീഗിൽ രജിസ്​റ്റർ ചെയ്ത കളിക്കാരെ താരലേലത്തിലൂടെയാണ് ഓരോ ടീമുകളും സ്വന്തമാക്കിയത്. ഐ.പി.എൽ ആരവം നിലനിൽക്കുന്നതിനാൽ ഓരോ ടീമുകളും ഐ.പി.എൽ ടീമുകളുടെ ജഴ്‌സിയണിഞ്ഞാണ് കളിക്കളത്തിലെത്തുന്നത്. ഐ.പി.എൽ മുൻ കമന്റേ​റ്റർ മുഹമ്മദ് റഫീഖിന്റെ സാന്നിദ്ധ്യവും ലീഗിന് മാറ്റുകൂട്ടും.

3 ടീമുകൾ അടങ്ങുന്ന 4 പൂളുകളിൽ 2 ദിവസങ്ങളിലായി ഫൈനൽ ഉൾപ്പെടെ 19 മത്സരങ്ങളാണ് നടക്കുക. 6 ഓവർ മത്സരങ്ങളെ അംഗീകൃത അമ്പയർമാരാണ് നിയന്ത്റിക്കുന്നത് . ചാമ്പ്യന്മാർക്ക് 60,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 40,000 രൂപയും ട്രോഫിയും ലഭിക്കും.

പ്രഥമ ക്രിക്ക​റ്റ് ലീഗിന്റെ ഉദ്ഘാടനം 11ന് രാവിലെ 10ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കും. സിനിമാതാരം ജയകൃഷ്ണൻ മുഖ്യാതിഥിയാകും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. സമാപന സമ്മേളനത്തിൽ എറണാകുളം റൂറൽ എസ്.പി ഡോ. വൈഭവ് സക്‌സേന വിജയികൾക്ക് സമ്മാനം നൽകും. കളിക്കാർക്ക് പുറമേ മത്സരങ്ങൾ കാണാനെത്തുന്നവർക്കും ഒട്ടേറെ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.