tripunithura

തൃപ്പൂണിത്തുറ: നൂറുമേനി വിജയനേട്ടത്തിൽ പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയൽ (കെ.പി.എം.) ഹൈസ്‌കൂൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ ഇക്കുറി​യും സുവർണ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. പരീക്ഷ എഴുതിയ 346 വിദ്യാർത്ഥികൾ എല്ലാവരും ജയിച്ചു. 74 കുട്ടികൾ ഫുൾ എ പ്ളസ് നേടി. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ശ്രീവല്ലഭ ക്ഷേത്രത്തിന്റെ മുറ്റത്ത് സ്ഥിതി ചെയ്യുന്ന സ്കൂളി​ന്റെ മി​കച്ച നേട്ടം നാടി​നാകെ ആഘോഷമായി​.

കഴി​ഞ്ഞവർഷവും പരീക്ഷ എഴുതി​യ 370 വി​ദ്യാർത്ഥി​കളും വി​ജയി​ച്ചി​രുന്നു. 63 ഫുൾ എ പ്ളസും കരസ്ഥമാക്കി​.

എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖയുടെ കീഴിലാണ് സ്കൂൾ. ശാഖാ പ്രസി​ഡന്റ് ഡി​. ഉണ്ണി​ക്കൃഷ്ണൻ, സെക്രട്ടറി​ കെ.കെ. അരുൺ​കാന്ത്, മുൻ മാനേജരുമായ ഇ.എൻ. മണി​യപ്പൻ, വൈസ് പ്രസി​ഡന്റ് പി​.ആർ.അനി​ല, ഹെഡ്മാസ്റ്റർ അനൂപ് സോമരാജൻ, അദ്ധ്യാപകർ, പി​.ടി​.എ. ഭാരവാഹി​കൾ തുടങ്ങി​യവരുടെ അശ്രാന്ത പരി​ശ്രമമാണ് സ്കൂളി​നെ നൂറുമേനി​ വി​ജയത്തി​ലേക്കെത്തി​ച്ചത്. ​എറണാകുളം, കോട്ടയം, ആലപ്പുഴ ജി​ല്ലകളുടെ സംഗമ സ്ഥാനമായതി​നാൽ മൂന്നു ജി​ല്ലകളി​ലെയും വി​ദ്യാർത്ഥി​കൾ ഇവി​ടെ പഠി​ക്കാനെത്തുന്നുണ്ട്. മത്സ്യതൊഴി​ലാളി​കളുടെയും കർഷകതൊഴി​ലാളി​കളുടെയും മക്കളായ തീർത്തും സാധാരണക്കാരായ കുട്ടി​കളാണ് ഇവരി​ൽ ഭൂരി​ഭാഗവും.

കലാ, കായിക, ക്ലബ്ബ് തല പ്രവർത്തനങ്ങളിലും സ്കൂൾ സംസ്ഥാനത്ത് മുൻനിരയിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലം സ്‌കൂളിന്റെ മേന്മയാണ്. എൻ.സി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവ സ്‌കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഭാഷ,ശാസ്ത്ര, ഇതര ക്ലബുകളും മികച്ച പ്രവർത്തനങ്ങളിലൂടെ സാമൂഹികമായി ശ്രദ്ധ നേടിവരുന്നു.