padam
പിടിയിലായ പ്രതി

കൊച്ചി: കടമക്കുടി കോരാമ്പാടത്ത് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി വരാപ്പുഴ പൊലീസിന് കൈമാറി. ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ മാനസികാസ്വാസ്ഥ്യമുള്ള പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഇയാളുടെ പേരും സ്വദേശവും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ മേഖലയിൽ ചുറ്റിത്തിരിയുകയായിരുന്ന ഇയാൾ ബലംപ്രയോഗിച്ച് കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട സഹോദരൻ ബഹളംവച്ചതോടെ വീട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു. ഇന്നലെ മാതാപിതാക്കളുടെ പരാതി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പ്രതിയെ ഇന്ന് തൃശൂർ സർക്കാർ മാനസികാര്യോഗ കേന്ദ്രത്തിലേക്ക് മാറ്റും. ഏതാനും ദിവസമായി ഇയാൾ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.