പെരുമ്പാവൂർ: ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അബാൻ നാസറിന്റെ എസ്.എസ്.എൽ.സി വിജയം എന്ന ആഗ്രഹം യാഥാർത്ഥ്യമായി. താന്നിക്കുന്നേൽ വീട്ടിൽ നാസറിന്റെയും റൈഹാനത്തിന്റെയും മൂന്നാമത്തെ മകനായ 70% സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായിരുന്ന അബാൻ ഉപരി പഠനത്തിന് യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ്. 10 വർഷമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസമായിരുന്നു അബാന് ലഭിച്ചിരുന്നത്. പെരുമ്പാവൂർ ബി.ആർ.സിയിലെ സാറാമ്മ ടീച്ചറും മിനി ടീച്ചറും ഇരിങ്ങോൾ സ്‌കൂളിലെ സ്‌പെഷ്യൽ എഡ്യുക്കേറ്റർ ലിമി ഡാനും പലഘട്ടങ്ങളിലായി അബാന് പഠന സഹായികളായി. എസ്.എസ്.എൽ.സി പരീക്ഷ എഴുതണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഹെഡ്മിസ്ട്രസ് ജ്യോതി ടീച്ചർ പൂർണ പിന്തുണ നൽകി.
വീൽചെയറിൽ ഇരുന്നാലും തല നിവർത്തിപ്പിടിക്കാൻ പോലുമാകാത്ത അബാനെ പലരും നിരുത്സാഹവപ്പെടുത്തിയെങ്കിലും അതൊന്നും അബാനെ തളർത്തിയില്ല. പതിവായി ക്ലാസിലെത്തി കുട്ടികൾക്കൊപ്പം പഠനം തുടങ്ങി. സഹപാഠികൾക്കൊപ്പം അബാനെ സഹായിക്കാൻ കല ടീച്ചറും സമീർസാറുമടക്കം എല്ലാവരും ഒപ്പം നിന്നു.
പരീക്ഷ ദിവസങ്ങളിൽ രാവിലെ 7 മണിക്ക് തന്നെ എഴുന്നേൽക്കും. ഒൻപതിന് മുമ്പ് മാതാവും പിതാവും ചേർന്ന് അബാ നെ സ്‌കൂളിൽ എത്തിക്കും. ഇംഗ്ലീഷിന് പകരം ഹോർട്ടിക്കൾച്ചറും ഹിന്ദിക്ക് പകരം ഡ്രോയിംഗും കണക്കിന് പകരം ഐ.ടിയും അവൻ സ്‌ക്രൈബ് ഇല്ലാതെ എഴുതി.
ഒടുവിൽ എല്ലാ ഉത്കണ്ഠകളും അവസാനിപ്പിച്ച് കൊണ്ട് റിസൽറ്റ് വന്നു. തുടർപഠനത്തിന് യോഗ്യത നേടി. അബാന് പരീക്ഷ എഴുതാൻ സഹായിച്ച അഭിനന്ദയും അബാന്റെ മാതാപിതാക്കളും കുടുബാംഗങ്ങളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു