കോലഞ്ചേരി: സ്കൂളിന്റെ പടിവാതിൽ പോലും കാണാതെ അനുജ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് അനുജ. സെറിബ്രൽ പൾസി ബാധിച്ച് വീൽ ചെയറിൽ ജീവിതം തളച്ചിട്ടപ്പോഴും പഠനമെന്ന ആഗ്രഹം കൈവിടാതെ അനുജ കാണിച്ച മികവിന് ലഭിച്ചത് രണ്ട് എ പ്ളസാണ്. അനുജയുടെ മനസിനൊപ്പം മാതാപിതാക്കളും സഹോദരിയും കോലഞ്ചേരി ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഒരേ മനസോടെ പിന്നിൽ അണി നിരന്നപ്പോൾ നേടിയ വിജയം സ്കൂളിലെ നൂറി മേനി തിളക്കത്തിൽ രത്ന ശോഭയായി. കോലഞ്ചേരി കാരമോളപീടിക ചിന്നംചിറ പി.എസ്. ബിജുകുമാറിന്റെയും അനിതയുടെയും മൂത്ത മകളാണ്. സഹോദരി അശ്വതി ഇതേ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ് . ആഴ്ചയിൽ എല്ലാ ബുധനും കോലഞ്ചേരി ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ശില്പ വീട്ടിലെത്തിയാണ് പഠിപ്പിച്ചിരുന്നത്. അനുജത്തി അശ്വതിയുടെ നോട്ടുകളും സ്കൂളിലെ അദ്ധ്യാപകരുടെ പിന്തുണയും ഒപ്പമുണ്ടായിരുന്നു. ഇനിയും തുടർന്ന് പഠിക്കണമെന്ന ആഗ്രഹം മാത്രമാണ് അനുജയുടെ മനസിലുള്ളതെന്ന് മാതാപിതാക്കൾ പറയുന്നു.