പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ രാജ്യത്തിനകത്തും വിദേശത്തും നിലവിലുള്ള ബിരുദ കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ പ്രോഗ്രാമുകൾ, സ്‌കിൽ വികസന കോഴ്‌സുകൾ, പാരാമെഡിക്കൽ കോഴ്‌സുകൾ, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ തുടങ്ങിയവയെക്കുറിച്ച് പൊതുവായി അറിഞ്ഞിരിക്കണം. താല്പര്യം, അഭിരുചി, മനോഭാവം, പ്രസക്തി, പ്രാപ്തി, ഗവേഷണ സാദ്ധ്യത, തൊഴിൽ പ്രവണതകൾ എന്നിവ വിലയിരുത്തിയാകണം കോഴ്‌സുകൾ കണ്ടെത്തേണ്ടത്. ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ് യു.ജി, ജെ.ഇ.ഇ, ഡിസൈൻ പരീക്ഷകൾ, ആർക്കിടെക്ച്ചർ, സി.യു.ഇ.ടി യു.ജി, കുസാറ്റ്, കീം തുടങ്ങിയവയെക്കുറിച്ച് മിക്കവർക്കും ധാരണയുണ്ട്. അതിനാൽ ഇതിനു പുറമേയുള്ള കോഴ്സുകളെക്കുറിച്ചുകൂടി പരിശോധിക്കാം.
പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് തുടങ്ങിയവ ഇതിൽപ്പെടും. ഇതുമായി ബന്ധപ്പെട്ട് പ്ലസ് ടു പൂർത്തിയാക്കിയവർക്കുള്ള ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ തല കോഴ്‌സുകളുണ്ട്. ഡിസൈൻ കോഴ്‌സുകൾക്കും വൻ സാദ്ധ്യതകളുണ്ട്. മെഷീൻ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണക്കേഷൻ എന്നിവ തൊഴിൽ സാദ്ധ്യതയുള്ള മേഖലകളാണ്. ഹീറ്റിംഗ്, വെന്റിലെഷൻ, എയർ കണ്ടിഷനിംഗ്, (HVAC) മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ് (MEP) തലങ്ങളിൽ ടെക്‌നിഷ്യൻ, സൂപ്പർവൈസറിതല ജോലി സാദ്ധ്യതകൾ ഏറെയാണ്.
വളരുന്ന കാർഷിക മേഖല
കാർഷിക മേഖലയിൽ അഗ്രിബിസിനെസ്സ് മാനേജ്മന്റ്, സപ്ലൈ ചെയിൻ മാനേജ്മന്റ്, ഭക്ഷ്യ സംസ്‌കരണം, ഫുഡ് ഇ റീറ്റെയ്ൽ, ഫുഡ് ആൻഡ് ന്യൂട്രിഷൻ, അഗ്രിടെക്ക്, പ്രെസിഷൻ ഫാമിംഗ്, ഡയറി ടെക്‌നോളജി എന്നിവയിൽ വളർച്ച പ്രതീക്ഷിക്കാം. മൂല്യവർദ്ധിത ഉൽപന്ന നിർമാണത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്‌നോളജി കരുത്താർജിക്കും.
കരുത്തേറുന്ന എൻജിനിയറിംഗ് & ടെക്നോളജി
ഫിൻ ടെക്ക്, ഹെൽത്ത് ടെക്ക് കോഴ്‌സുകൾ സേവന മേഖലയ്ക്കിണങ്ങിയ ടെക്‌നോളജി കോഴ്‌സുകളാണ്. ബയോഎഞ്ചിനീയറിംഗ്, റീജനറേറ്റീവ് ബയോളജി, മൈക്രോബയോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഓട്ടോമേഷൻ, സൈബർസെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്മന്റ്, ഡ്രോൺ ടെക്‌നോളജി, ജി ഐ എസ്, സോയിൽ മാപ്പിംഗ് എന്നിവയ്ക്ക് ലോകത്താകമാനം സാദ്ധ്യത കൂടുന്നുണ്ട്.
കംപ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്മ്യൂണക്കേഷൻ, കെമിക്കൽ, ആർക്കിടെക്ചർ, റോബോട്ടിക്, എന്നിവയിൽ തൊഴിലവസരങ്ങളേറും. ഡിജിറ്റലൈസേഷൻ കൂടുതൽ വളർച്ച കൈവരിക്കുന്നതോടെ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്‌സ് , അക്കൗണ്ടിംഗ് , ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, ഹൈബ്രിഡ് ടെക്‌നോളജി, എഡ്യൂക്കേഷൻ ടെക്‌നോളജി, ന്യൂ മീഡിയ എന്നിവയിൽ ഉയർന്ന വളർച്ച നിരക്ക് പ്രതീക്ഷിക്കാം.
ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാർ ജിയോ എൻജിനിയറിംഗ്, ഡയറക്റ്റ് കാർബൺ ക്യാപ്ചർ, സൂപ്പർ സോണിക് എയർ ക്രാഫ്റ്റുകൾ, പറക്കുന്ന കാറുകൾ , ഓപ്പൺ റാൻ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ, ഹെൽത്ത് കെയർ ടെക്‌നോളോജിസ്, ബയോമെഡിക്കൽ സയൻസ് , മോളിക്യൂലാർ ബയോളജി , ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളോജിസ്, 3 ഡി പ്രിന്റഡ് ബോൺ ഇമ്പ്‌ലാന്റുകൾ, ബിസിനസ്സ് എക്കണോമിക്‌സ്, സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടൈൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ് എന്നിവ തൊഴിൽ മേഖലയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കും.
സ്റ്റാർട്ടപ്പുകൾ
സംരംഭകത്വം വിപുലപ്പെടുന്നതോടെ സ്റ്റാർട്ടപ്പുകൾ കൂടുതലായി രൂപപ്പെടും. വിദ്യാർത്ഥികൾ സംരംഭകരാകുന്ന പ്രക്രിയ വർധിച്ചുവരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്‌നോളജി, ഗവേഷണം, സുസ്ഥിര സാങ്കേതിക വിദ്യ എന്നിവയിൽ ആഗോള തലത്തിൽ വൻ വളർച്ച പ്രതീക്ഷിക്കാം. എനർജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ ഹൈഡ്രജൻ എനർജി, ഗ്രീൻ എനർജി, ക്ലീൻ എനർജി എന്നിവ വിപുലപ്പെടും.