കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് സിറ്റിംഗ് ഫീസും ഓണറേറിയവും അനുവദിക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിച്ച് സർക്കാർ. ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ കാറും 1,500 രൂപ മൊബൈൽ ഫോൺ അലവൻസും മാത്രമാണ് ലഭിക്കുന്നത്.

ഗുരുവായൂരിൽ എത്താനും തിരിച്ചുപോകാനും മാത്രമേ കാർ ഉപയോഗിക്കാവൂ. അധികദൂരം ഓടിയാൽ ദേവസ്വത്തിന് പണം നൽകണം.

ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, കമ്മിഷണർ, തന്ത്രി, രാജപ്രതിനിധി, ജീവനക്കാരുടെ പ്രതിനിധി എന്നിവർക്കു പുറമെ രാഷ്ട്രീയപ്പാർട്ടികളുടെ അഞ്ചു പ്രതിനിധികളും ബോർഡംഗങ്ങളാണ്. ഇവർ ഉൗഴമനുസരിച്ച് മാറി വരും. രണ്ടു വർഷമാണ് കാലാവധി.

ഗുരുവായൂർ ദേവസ്വത്തിന് സാമ്പത്തിക ഭദ്രതയുള്ളതിനാൽ അലവൻസും മറ്റും അനുവദിക്കുന്നത് സർക്കാരിന് ബാദ്ധ്യതയാവില്ല.

ദേവസ്വം ബോർഡുകളുടെ കാലാവധി മൂന്നു വർഷമാക്കുക, ആനുകൂല്യങ്ങൾ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മൂന്നുവർഷം മുമ്പ് ബോർഡ് പ്രസിഡന്റുമാർ സംയുക്തമായി സർക്കാരിന് നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല.

മറ്റുദേവസ്വങ്ങളിൽ

കാറും വീടും വരെ

തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് 5000 മുതൽ 7000 രൂപ വരെ സിറ്റിംഗ് ഫീസുണ്ട്. ഓണറേറിയമായി ഇരുപതിനായിരം രൂപ വരെ. കാറും താമസിക്കാൻ വീടും ലഭിക്കും.

എണ്ണക്കൂടുതൽ കടമ്പമറ്റു ദേവസ്വങ്ങളിൽ മൂന്ന് അംഗങ്ങളുള്ളപ്പോൾ ഗുരുവായൂരിൽ സ്ഥിരം അംഗങ്ങൾക്ക് പുറമെ അഞ്ച് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമുണ്ട്. ഓണറേറിയം ഉൾപ്പെടെ നൽകാൻ വലിയ തുക വേണ്ടിവരുമെന്നതിനാലാണ് മടിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.