ed

കൊച്ചി: തിരുവനന്തപുരം കാരക്കോണം ഡോ. സോമർവെൽ മെഡിക്കൽ കോളേജ് കോഴക്കേസിൽ സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലത്തെ രണ്ടാം പ്രതിയും മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാമിനെ മൂന്നാം പ്രതിയുമാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി മെഡിക്കൽ കോളേജാണ്.സഭാ മുൻ സെക്രട്ടറി ടി.ടി. പ്രവീൺ നാലാം പ്രതിയാണ്.

7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും മെഡിക്കൽ കോളേജ് പ്രവേശനത്തിന് കോഴവാങ്ങിയ വൻതുക കടത്തിയെന്നും വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്നും

എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു .

28 വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നാണ് പണം വാങ്ങിയത് . മൂന്നു കോടി ഇടവകയ്ക്ക് കൈമാറി. കോഴ വാങ്ങിയത് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ നിർദ്ദേശപ്രകാരമാണ്. ബെനറ്റിന് നേരിട്ട് പങ്കുണ്ട്. പരാതി ഉയർന്നപ്പോൾ കോളേജ് അധികൃതർ 6.27 കോടി തിരികെനൽകി ഒത്തുതീർപ്പിന് ശ്രമിച്ചു. പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചതിൽ അന്വേഷണം തുടരുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

തലവരിപ്പണം നൽകിയിട്ടും പ്രവേശനം കിട്ടാത്ത വിദ്യാർത്ഥികളാണ് പരാതി നൽകിയത്.

കേസ് 2022ലാണ് ഇ.ഡി ഏറ്റെടുത്തത്. ബിഷപ്പിനും ബെന്നറ്റിനും ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബെന്നറ്റ് എബ്രഹാമിനെയും ടി.ടി. പ്രവീണിനെയും ഇ.ഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിനിടെ കോളേജിന്റെ അക്കൗണ്ടിൽ നിന്ന് ഇ.ഡി 95 ലക്ഷം രൂപ കണ്ടുകെട്ടിയിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയയ്‌ക്കുകയും ചെയ്തു. 2014ൽ തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഡോ. ബെന്നറ്റ് എബ്രഹാം.