തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനെതിരെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് നടത്തിയ രാഷ്ട്രീയ പ്രേരിത സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി പറഞ്ഞു. ചൂണ്ടി, കക്കാട് പദ്ധതികളിൽ നിന്ന് പഞ്ചായത്തിലേക്ക് ആവശ്യമായ അളവിൽ ശുദ്ധജലം നിലവിൽ ലഭിക്കുന്നില്ല. ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ നടപ്പായില്ല. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ വാർഡുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളവിതരണം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.