
തൃപ്പൂണിത്തുറ: ഇരുമ്പനം ജംഗ്ഷന് സമീപം പുതിയ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ട്രൂറ തിരുവാങ്കുളം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബുധനാഴ്ച അര മണിക്കൂർ ചെയ്ത വേനൽ മഴയിൽ നടപ്പാതയ്ക്കും ടാറിംഗിനുമിടയിലുള്ള ചാലിൽ വെള്ളം കെട്ടിത്തുടങ്ങി. മഴക്കാലമായാൽ സ്ഥിതി അതീവ ഗുരുതരമാകും. സീപോർട്ട് -എയർപോർട്ട് റോഡിലെ ഇരുമ്പനം ജംഗ്ഷൻ മുതൽ ചിത്രപ്പുഴ പാലം വരെ വശങ്ങളിൽ നടപ്പാത നിർമ്മാണം പുരോഗമിക്കുകയാണ്. പക്ഷേ എച്ച്.ഒ.സി ക്വാർട്ടേഴ്സ് റോഡു മുതൽ ഏകദേശം അമ്പതു മീറ്ററോളം നീളത്തിലുള്ള ചാലിലാണ് വെള്ളക്കെട്ട്. ഇവിടം . കോൺക്രീറ്റു ചെയ്യണമെന്ന് പ്രസിഡന്റ് പി.എം. വിജയനും സെക്രട്ടറി എം.എസ്. നായരും ആവശ്യപ്പെട്ടു.