കുറുപ്പംപടി : വേങ്ങൂർ പഞ്ചായത്തിലെ വ്യാപിക്കുന്ന മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട പഞ്ചായത്ത് ഭരണസമിതിക്കെതിരെ വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് പ്രധാന ആക്ഷേപം. മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, രോഗികളുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
രോഗവ്യാപനം പ്രാദേശിക ദുരന്തമായി പ്രഖ്യാപിക്കാനുള്ള നടപടികൾ പഞ്ചായത്ത് ഭരണസമിതി ചെയ്യാത്തത് രോഗികൾക്ക് സഹായം ലഭിക്കാൻ വൈകുന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ 17ന് രോഗം റിപ്പോർട്ട് ചെയ്ത് 22 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് ഭരണ സമിതി വാട്ടർ അതോറിറ്റിയോടും ആരോഗ്യ വകുപ്പിനോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. സർവകക്ഷി യോഗത്തിൽ പാർട്ടി ബ്ലോക്ക് പ്രസിഡന്റിനെയും എം.എൽ.എയും ഒഴിവാക്കിയതിലും കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധ യോഗം ഡി.സി.സി സെക്രട്ടറി ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിജു കുര്യന്റെ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോയ് പൂണേലി, റെജി ഇട്ടൂപ്പ്, റോയി പുതുശ്ശേരി, എ.ഒ. മത്തായി, എൽദോ ചെറിയാൻ, കെ.പി മാത്തുക്കുട്ടി, ഷൈമി വർഗീസ് എന്നിവർ സംസാരിച്ചു.