dog
മൂവാറ്റുപുഴ നഗരത്തെ ഭീതിയിലാക്കിയ വളർത്തുനായ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തെ ഭീതിയിലാക്കി എട്ടുപേരെ കടിച്ച വളർത്തുനായ പിടിയിലായി. ഇന്നലെ രാവിലെ എട്ടരയോടെ മൂവാറ്റുപുഴ നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, വാഴപ്പിള്ളി പുളിഞ്ചുവട് തുടങ്ങിയ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. കടവുംപാടം തേലയ്ക്കൽ യഹിയാ ഖാന്റെ മകൾ മിൻഹ ഫാത്തിമ(17)യെയും കീച്ചേരിപ്പടി പനയ്ക്കൽ ഫയസി (12)നെയും മദ്രസയിൽ പോയി വരുമ്പോൾ നായ ആക്രമിച്ചു. റോഡിലൂടെ നടന്നു പോകുമ്പോളാണ് പുതുപ്പാടി ആര്യങ്കാല തണ്ടേൽ രേവതി (22) യുടെ കാലിൽ നായ കടിച്ചത്. തൃക്ക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോൾ ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷി(23)നും നായയുടെ കടിയേറ്റു. വാഴപ്പിള്ളി പുളിഞ്ചുവട് ഭാഗത്ത് ബൈക്കിൽ സഞ്ചരിയ്ക്കുമ്പോൾ പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാറി(60)നെയും നായ കടിച്ചു. പുളിഞ്ചുവട് പാലക്കാട്ട് പുത്തൻപുരയിൽ നിയാസിന്റെ മകൾ നിഹ (12) യെ വീടിന് സമീപത്തെ റോഡിൽ വച്ചാണ് ആക്രമിച്ചത്. അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി അബ്ദുൾ അലി (30) യുടെ വലത് കാലിനും കടിയേറ്റു. നായയുടെ ആക്രമണത്തിന് ഇരയായവരെ ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡരികിലൂടെയും ഇടവഴിയിലൂടെയും പുരയിടത്തിലൂടെയും ഓടിയ നായ നിരവധി വളർത്തുമൃഗങ്ങളെയും ആക്രമിച്ചു. കോട്ടയത്ത് നിന്നെത്തിയെ വിദഗ്ധ സംഘമാണ് നായയെ പിടികൂടിയത്. നായയെ പത്ത് ദിവസത്തേയ്ക്ക് നിരീക്ഷിയ്ക്കും. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയും വാക്സിനേഷനും ലഭ്യമാക്കും.