ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഒരു മാസം മുമ്പ് സ്ഥാപിച്ച ജല ജീവൻ മിഷൻ കുടിവെള്ള പൈപ്പ് പൊട്ടി. ഇതോടെ മുപ്പത്തടം മേഖലയിലെ കുടിവെള്ള വിതരണം നിലച്ചു. പൊട്ടിയ ഇടം കണ്ടെത്തി അറ്റകുറ്റപ്പണി നടത്താൻ കുഴിച്ചു നോക്കുന്നുണ്ടെങ്കിലും ഇതുവരേയും വിജയിച്ചിട്ടില്ല.
മുപ്പത്തടം വാട്ടർ അതോറിറ്റി മുതൽ മില്ലുപടി വരെ പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചിടത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിച്ച ശേഷം ടൈൽ പാകിയ റോഡാണ് വീണ്ടും കുത്തിപ്പൊട്ടിക്കുന്നത്. കുടിവെള്ളം എത്തുന്നില്ലെന്ന പരാതിയെ തുടർന്ന് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഒരു ദിവസം ഇടവിട്ടാണ് പമ്പിംഗ് നടക്കുന്നത്. ഇതിനിടയിലാണ് പുതിയ പൈപ്പുകൾ പൊട്ടിയത്.
നല്ല മർദ്ദത്തിൽ ജലവിതരണ വാൽവുകൾ തുറന്നാൽ ഇവ പൊട്ടുമോയെന്ന ആശങ്കയുള്ളതിനാലാണ് വാൽവുകൾ പൂർണമായി തുറക്കാത്തത് എന്ന അഭിപ്രായമുണ്ട്.
അറ്റകുറ്റപ്പണി നടത്തുന്ന കരാർ തൊഴിലാളികൾ സമരത്തിലായതുകൊണ്ടാണ് പമ്പിംഗ് ശക്തമാക്കാത്തതെന്നും ആരോപണമുണ്ട്. വേണ്ടത്ര വെള്ളം പൈപ്പിലൂടെ ലഭിക്കാത്തവർ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസമായി കടുങ്ങല്ലൂർ പഞ്ചായത്തിൽ പലപ്പോഴും കുടിവെള്ളം മുടങ്ങുന്നു വേണ്ടത്ര പ്രഷറിൽ വെള്ളം പമ്പ് ചെയ്യാത്തതിനാലാണ് പല മേഖലകളിലും വെള്ളം എത്താത്തതെന്ന് ആരോപണം ചില വാർഡുകളിൽ നല്ല ഫോഴ്‌സിലെത്തുന്ന കുടിവെള്ളം ചില സ്ഥലങ്ങളിൽ എത്തുന്നേയില്ലെന്നും പരാതി
രാത്രി വൈകിയാണെങ്കിലും പൊട്ടിയ പൈപ്പ് കണ്ടെത്താനായില്ലെങ്കിൽ പമ്പിംഗ് നടക്കില്ലെന്നാണ് സൂചന