കൊച്ചി: കനത്ത മഴയിൽ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതിലൈൻ പൊട്ടിവീണതിനെക്കുറിച്ച് റെയിൽവേ സുരക്ഷാവിഭാഗം അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ 25,000 വാട്ട്സ് ഹൈടെൻഷൻ ലൈൻ പൊട്ടിവീണത്. സാധാരണ ഈ സമയം എറണാകുളം - ഗുരുവായൂർ പാസഞ്ചറിൽ കയറാൻ പ്ലാറ്റ് ഫോമിൽ നിറയെ യാത്രക്കാർ ഉണ്ടാകും. പ്ലാറ്റ് ഫോം നവീകരണ ജോലികൾ നടക്കുന്നതിനാൽ നിറയെ ജോലിക്കാരും ഉണ്ടാകേണ്ടിയിരുന്നതാണ്. കനത്ത മഴയായതിനാൽ റെയിൽവേ ട്രാഫിക് ചാർജ്മാൻ ഒഴികെ മാറ്റാരും ഉണ്ടായിരുന്നില്ല.

ലൈൻ പൊട്ടിവീഴുന്നതിന് തൊട്ടുമുമ്പാണ് തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത് ട്രെയിൻ ഇതുവഴി കടന്നുപോയത്.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ എറണാകുളം - തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകൾ സ്തംഭിച്ചു. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ് എളമക്കര പാലത്തിന് സമീപം മൂന്ന് മണിക്കൂറിലേറെ നിറുത്തിയിട്ടു. രാത്രി 9.45ന് ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് ജനശതാബ്ദി യാത്ര പുനരാരംഭിച്ചത്.

തിരുവനന്തപുരം - ചെന്നൈ മെയിൽ, തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഒരു മണിക്കൂറും നിലമ്പൂർ - കോട്ടയം പാസഞ്ചർ ഒന്നര മണിക്കൂറും പിടിച്ചിട്ടു.