theater

കൊച്ചി: മലയാള സിനിമ തിയേറ്റർ വരുമാനത്തിൽ റെക്കാഡ് നേടി. 2023ൽ നേടിയ തിയേറ്റർ വരുമാനത്തേക്കാൾ 2024ലെ ആദ്യ നാലുമാസം കൊണ്ട് ലഭിച്ചു. ജനുവരി മുതൽ ഏപ്രിൽ വരെ 800കോടിയിലധികമാണ് സിനിമകൾ തിയേറ്ററിൽ നേടിയത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആടുജീവിതം എന്നിവയാണ് മുമ്പിൽ. 2023ൽ ആകെ ലഭിച്ചത് 500 കോടിയാണ്.

പ്രേക്ഷകരെ കൂട്ടമായി തിയേറ്ററുകളിൽ എത്തിക്കാൻ കഴിഞ്ഞത് ഈ സിനിമകൾക്ക് മാത്രമാണ്. 36 കോടി ചെലവഴിച്ച മഞ്ഞുമ്മൽ ബോയ്സ് 300 കോടിയോളം നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. ഏറ്റവുമധികം വരുമാനം ലഭിച്ച മലയാള സിനിമയുമായി മാറി. തമിഴ്നാട്ടിലും വൻവരുമാനം നേടാൻ മഞ്ഞുമ്മൽ ബോയ്സിന് കഴിഞ്ഞു.

അതേസമയം,​ ഒ.ടി.ടി പ്ളാറ്റ്ഫോമുകളുടെ പിന്മാറ്റം ഒട്ടേറെ നിർമ്മാതാക്കൾക്ക് തിരിച്ചടിയായി. ഒ.ടി.ടി പ്ളാറ്റ്ഫോമുകളുടെ കാരുണ്യം കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് ബഹുഭൂരിപക്ഷം നിർമ്മാതാക്കളും. ഒരുദിവസം ഓടിക്കാൻ കഴിയാതെ നിരവധി സിനിമകൾ പിൻവലിക്കേണ്ടിവന്നു. കൊവിഡ് കാലത്ത് നിർമ്മാണത്തിനുമുമ്പേ വൻതുകയിൽ സിനിമകൾ വാങ്ങിയ ഒ.ടി.ടി വമ്പന്മാർ പിന്മാറിയതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. തിയേറ്ററുകളിൽ വിജയിക്കുന്ന സിനിമകൾ മതിയെന്ന തീരുമാനത്തിലാണ് ഒ.ടി.ടികൾ. കൂടാതെ സാറ്റലൈറ്റ് അവകാശത്തിനും ചെറിയതുക മാത്രം ലഭിക്കുന്നു.

ഒ.ടി.ടി പിന്മാറ്റത്തിന് പിന്നിൽ

 കൊവിഡിനുശേഷം പ്രേക്ഷകർ കുറഞ്ഞു

 ഒട്ടുമിക്ക സിനിമകളുടെയും പരാജയം

 റിലീസിനുശേഷം വ്യാജപ്പതിപ്പ്

 പരസ്യ വരുമാനം കുറഞ്ഞു

''ഒ.ടി.ടി, സാറ്റലൈറ്റ് വരുമാനം ലഭിക്കാത്തത് ചെറുകിട,ഇടത്തരം സിനിമകൾക്ക് നഷ്‌ടമുണ്ടാക്കി. സൂപ്പർഹിറ്റുകൾ പരിമിതമാണ്. പുതിയ സിനിമകൾ കുറയുന്നു.""

-ബി. രാകേഷ്

സെക്രട്ടറി

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോ.