കൊച്ചി: ശങ്കരാചാര്യരുടേയും സ്വാമി ചിന്മയാനന്ദയുടേയും ജന്മനാടായ കേരളത്തിൽ നിരീശ്വരവാദികളുടെ ഭരണം ജനങ്ങൾക്ക് വെല്ലുവിളിയാണെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. തത്ത്വശാസ്ത്രങ്ങളിൽ അധിഷ്ഠിതമായി മാനവരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നതിന് നിരക്കുന്നതല്ല അവരുടെ പ്രത്യയശാസ്ത്രങ്ങൾ. എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കുന്ന 'ചിന്മയശങ്കരം 2024' സംഗമത്തിൽ 'സ്വാമി ചിന്മയാനന്ദ -ഒരു ആത്മീയ വിപ്ലവകാരി'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശത്തിന്റെ സാംസ്കാരികപാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിന് ഹിന്ദു വോട്ടുബാങ്ക് ഒന്നിക്കണമെന്ന വിപ്ലവകരമായ ആഹ്വാനം നടത്തിയ ആത്മീയാചാര്യനാണ് ചിന്മയാനന്ദ. അയോദ്ധ്യ രാമക്ഷേത്രത്തെ മോചിപ്പിക്കണമെന്നും ആഗോളതലത്തിൽ ഹിന്ദുക്കൾ ഒന്നിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബിരുദത്തിന് മൂന്നുമാസത്തെ വേദാന്തപഠനം നിർബന്ധമാക്കണമെന്നത് ചിന്മയാനന്ദയുടെ ആശയമാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.