കൊച്ചി: സൊസൈറ്റി ഒഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റ് ഇന്ത്യയുടെ (സോഫ്ടി) 2021ലെ അവാർഡിന് കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ സ്ഥാപക വൈസ് ചാൻസലറും ഉത്തർപ്രദേശിലെ ശ്രീവെങ്കിടേശ്വര സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. ബി. മധുസൂദനക്കുറുപ്പ് അർഹനായി.
കൊച്ചി സർവകലാശാലയിൽ (കുസാറ്റ് ) യു.ജി.സി പ്രൊഫസറായി 18 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഡയറക്ടറായിരുന്നു. സമുദ്രജീവശാസ്ത്രത്തിലും മത്സ്യബന്ധനത്തിലും ഗവേഷണ സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്ഥാന ഫിഷറീസ് മന്ത്രിയുടെ ഉപദേഷ്ടാവായും അഞ്ചുവർഷം പ്രവർത്തിച്ചു.
മത്സ്യസാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവരെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. 25,000രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. അവാർഡ് പിന്നീട് സമ്മാനിക്കുമെന്ന് സോഫ്ടി ഭാരവാഹികൾ അറിയിച്ചു.