അങ്കമാലി: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കോക്കുന്ന് - പുല്ലാനി - മഞ്ഞപ്ര വരെയുള്ള 7 കിലോമീറ്റർ റോഡ് നിർമ്മാണം ആരംഭിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും ആകെ പൂർത്തിയായത് 2 കിലോ മീറ്റർ മാത്രം. ബാക്കി 5കിലോമീറ്റർ റോഡ് താറുമാറായി കിടക്കുകയാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം മൂന്ന് കോടി രൂപയാണ് ഈ റോഡിന് അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്നിൽ നിന്നും നിർമ്മാണമാരംഭിച്ച് തുറവൂർ പഞ്ചായത്തിലെ വാതക്കാട് പള്ളി വരെ റോഡ് പൂർത്തിയാക്കിയെങ്കിലും തുടർന്നുള്ള നിർമ്മാണത്തിന് കരാറുകാരൻ തയ്യാറാകുന്നില്ല. ഇതിനിടെ ജലനിധി പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്ന പണികൾ നടന്നതോടെ റോഡ് കുളമായ അവസ്ഥയിലായി. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും നിരവധി പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നതോടെ റോഡ് നിർമ്മാണം ഉടൻ പൂർത്തിയക്കുമെന്ന പ്രഖ്യാപനങ്ങൾ വന്നെങ്കിലും ഒന്നും നടന്നില്ല. നാട്ടുകാർ ഏറെ പരാതികളും പ്രതിഷേധങ്ങളും നടത്തിയിട്ടും കരാറുകാരനെതിരെ നടപടിയെടുക്കാൻ പി.എം.ജി.എസ്.വൈ അധികൃതർ തയ്യാറായിട്ടില്ലന്നാണ് നാട്ടുകാരുടെ ആരോപണം.
കരാറുകാനെതിരെ നടപടികൾ സ്വീകരിച്ചു. റോഡ് നിർമ്മാണം ഉടനടി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്
സാജൻ
എക്സിക്യൂട്ടിവ് എൻജിനീയർ
പി.എം.ജി.എസ്.വൈ ഓഫീസ്
എറണാകുളം
റോഡ് മിക്കയിടത്തും ടാറിംഗ് പൊളിഞ്ഞ് മൺപാതയായി മാറി വാഹനങ്ങൾക്കും കാൽനടയാത്രകാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ പൊടിപടലങ്ങൾ ഉയർന്ന് പരിസരത്തെ വീടുകളിൽ താമസയോഗ്യമല്ലാതായി പൊടി ശ്വസിച്ച് കുട്ടികൾക്കും പ്രായമായവർക്കുംശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നു