k

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട വികസിപ്പിക്കൽ ജോലികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ പാലാരിവട്ടം- കാക്കനാട് റൂട്ടിൽ വൻ ഗതാഗതക്കുരുക്ക് രൂക്ഷം. രാവിലെ മുതൽ വൈകിട്ട് 9 മണി വരെയും ഗതാഗതം താറുമാറാണ്. പാലാരിവട്ടത്തു നിന്ന് കാക്കനാട്ടേക്കുള്ള റോഡിന്റെ വീതികൂട്ടൽ ജോലികളും കാന നിർമ്മാണവുമാണ് പുരോഗമിക്കുന്നത്. രണ്ടു വശത്തെയും വീതികൂട്ടൽ പടമുഗൾ എത്തി. പാലാരിവട്ടം പി.ഒ.സിക്ക് ശേഷമുള്ള ഭാഗം മുതൽ കുന്നുംപുറം വരെയായിരുന്ന ഗതാഗതക്കുരുക്ക് ഇപ്പോൾ പാലാരിവട്ടം ജംഗ്ഷൻ മുതലായി. പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് പാലാരിവട്ടം പാലം വരെയുള്ള ഭാഗത്തെ ഇട റോഡുകളിലെ കാന നവീകരണവും സമാന്തരമായി ആരംഭിച്ചതോടെയാണിത്.

കുന്നുംപുറം ജംഗ്ഷൻ മുതൽ പാലാരിവട്ടം വരെയുള്ള ദൂരം താണ്ടാൻ സാധാരണ ഒരു ബൈക്ക് യാത്രികന് വേണ്ടത് 10 മിനിറ്റ്. എന്നാൽ ഇപ്പോൾ അര മണിക്കൂറിലേറെ സമയമെടുക്കും. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരോ ഹോം ഗാർഡുകളോ ഇല്ലെന്നതും പ്രശ്നമാണ്. ആലിൻ ചുവട് ജംഗ്ഷന് സമീപമുള്ള വളവിൽ മാത്രമാണ് പൊലീസ് സേവനമുള്ളത്.

വാഴക്കാല, പടമുഗൾ, കുന്നുംപുറം എന്നിവിടങ്ങളിൽ ഇതിനു സമാന്തരമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കലും കലുങ്കുകളുടെ ഇരുവശങ്ങളിലെ പുനർ നിർമ്മാണവും നടക്കുന്നുണ്ട്. ഇപ്പോൾ രാത്രിയും നിർമ്മാണം നടക്കുന്നു.

മഴ...ചെളി..ആകെ പൊല്ലാപ്പ്

കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ കൂടി പെയ്തതോടെ ആലിൻചുവട്, വാഴക്കാല, പടമുഗൾ പ്രദേശങ്ങളിൽ കാന നവീകരണം നടക്കുന്ന സ്ഥലങ്ങളിൽ റോഡിലേക്ക് ചെളി നിറഞ്ഞതും യാത്രക്കാർക്ക് ഇരട്ടി തലവേദനയായി. കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര പൊല്ലാപ്പായി.

പാലാരിവട്ടത്തു നിന്ന് കാക്കനാട്ടേയ്ക്ക് ഓട്ടം കിട്ടിയാൽ ഇപ്പോൾ കഴിവതും പോകാറില്ല. വലിയ ബ്ലോക്കാണ്.

സുരേഷ്, ഓട്ടോ ഡ്രൈവർ


പ്രധാന ഇടറോഡുകളിൽ നിന്നുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനെങ്കിലും ആവശ്യത്തിന് പൊലീസിനെയോ ഹോം ഗാർഡിനെയോ നിയോഗിക്കണം

അലി. ബേക്കറി ഉടമ

......................................................................................................


മെട്രോ രണ്ടാം ഘട്ട പാത- പിങ്ക് ലൈൻ


നിർമ്മാണം- ഒരേസമയം ആറ് സ്ഥലങ്ങൾ കേന്ദ്രീകരിച്ച്


പാലാരിവട്ടം- ചെമ്പുമുക്ക് ഭാഗത്ത് ഡക്ട്, ഡ്രെയിൻ പ്രീകാസ്റ്റ് ജോലികൾ
എന്നിവ 90 ശതമാനത്തോളം പൂർത്തിയായി

രണ്ടാംഘട്ട പദ്ധതി ചെലവ്- 1,957 കോടി

കേന്ദ്രസർക്കാർ - 338.75 കോടി

സംസ്ഥാന സർക്കാർ- 555.18 കോടി


പദ്ധതിയുടെ ഫണ്ടിംഗ് ഏജൻസി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ

ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്(എ.ഐ.ഐ.ബി)- 1016.24 കോടി

പി.പി.പി മാതൃകയിൽ സമാഹരിക്കുന്നത്- 46.88 കോടി