പെരുമ്പാവൂർ: കോടനാട് ബസേലിയോസ് മാർ ഔഗേൻ സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥി വലിയ പാറ കോച്ചേരി വീട്ടിൽ ജിമ്മിയുടെ മകൻ ജോയലിന് കൊമ്പനാട്- വലിയ പാറ എം.എൽ.എ റോഡിലൂടെ ഇനി സുഖമായി സഞ്ചരിക്കാം. താൻ സ്കൂളിലേക്ക് പോകന്ന റോഡിന്റെ ദുരവസ്ഥയെ കുറിച്ച് വിദ്യാഭ്യാസമന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും കത്തെഴുതിയത് വാർത്തായിരുന്നു. ഇതേ തുടർന്ന് മന്ത്രിമാരുടെ ഓഫീസുകൾ മുടക്കുഴ പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചു. എന്നാൽ പ്രസ്തുത റോഡ് പി.ഡബ്ലിയു.ഡിയുടെ കീഴിലാണെന്നും അവരാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കി മന്ത്രിമാരുടെ ഓഫിസിലേക്ക് അയച്ചു. ഇതോടെ റോഡിൽ ടൈൽ വിരിക്കുന്ന നടപടികൾ പി.ഡബ്ളിയു. ഡി ആരംഭിച്ചു കഴിഞ്ഞു. റോഡ് നിർമ്മാണം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ,​ജനപ്രതിനിധികളായ ഡോളി ബാബു, ജോസ് എ. പോൾ, കെ.ജെ. മാത്യു, റോഷ്നി എൽദോ, സോമി ബിജു, പി.എസ്. സുനിത്ത് എന്നിവർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി.