കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച കേസിലെ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ചിത്രങ്ങളടക്കമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡൽഹി എയിംസ് മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് അറിയിച്ച സി.ബി.ഐ കൂടുതൽ സമയംതേടിയതിനെ തുടർന്നാണിത്.
സിദ്ധാർത്ഥ് മൃഗീയപീഡനത്തിനിരയായെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ അതീവഗുരുതരമാണെന്നും കഴിഞ്ഞദിവസം കോടതിയെ സി.ബി.ഐ അറിയിച്ചിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അനുബന്ധ കുറ്റപത്രമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരാണ് ജാമ്യ ഹർജി നൽകിയത്. ആകെ 19 പ്രതികളാണുള്ളത്.