എ.ബി.സി കേന്ദ്രങ്ങളെ ഉഷാറാക്കുമെന്ന് സർക്കാർ
കൊച്ചി: തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികൾക്ക് തിരഞ്ഞെടുപ്പു മാന്ദ്യത്തിന് ശേഷം അനക്കംവയ്ക്കുന്നു. കേരളത്തിന്റെ ആവശ്യം ഇവിടെത്തന്നെ പരിഹരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണിത്.
നായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതമാക്കുമെന്നാണ് സർക്കാർ ഉറപ്പ് നൽകുന്നു. എറണാകുളം ജില്ലയിൽ മുളന്തുരുത്തിയിലും കോലഞ്ചേരിയിലുമാണ് എ.ബി.സി കേന്ദ്രങ്ങളുള്ളത്. വൈപ്പിനിലും കറുകുറ്റിയിലും സ്ഥലം നിർണയിച്ചെങ്കിലും നടപടികളായിട്ടില്ല. സംസ്ഥാനത്താകെ 20 കേന്ദ്രങ്ങളുണ്ട്.
അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന നിയമം നടപ്പാക്കാൻ അനവദിക്കണമെന്നാണ് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ എ.ബി.സി നിയമം പര്യാപ്തമാണെന്നാണ് പരമോന്നത കോടതി നിരീക്ഷിച്ചത്. സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അപകടകാരികളായ നായ്ക്കളെ കൊല്ലാനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കാനും വന്ധ്യംകരണ നടപടികൾ സമാന്തരമായി മുന്നോട്ടു നീക്കാനുമാണ് സർക്കാർ തീരുമാനം.
ആശയക്കുഴപ്പങ്ങളെറെ
1. 2023ലെ നിയമഭേദഗതിയിൽ അപ്രായോഗിക ചട്ടങ്ങൾ കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കി. തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വീണ്ടും തെരുവിലിറക്കുംവരെ അഞ്ചുദിവസത്തോളം സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി 2200 രൂപ വീതം ഓരോ നായക്കും ചെലവാകും. ഇതിനായി എ.ബി.സി കേന്ദ്രങ്ങളിൽ പ്രീസർജറി, പോസ്റ്റ് സർജറി വിഭാഗങ്ങളും കിച്ചണും വേണം. ഒപ്പം ശീതീകരിച്ച വാർഡുകളും. ഇവയുണ്ടെങ്കിലേ കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അംഗീകാരം ലഭിക്കൂ. കേന്ദ്രങ്ങളിൽ ഒരു ഡോക്ടറും ഓപ്പറേഷൻ തിയേറ്റർ സഹായിയും നാലു മൃഗപരിപാലകരും ക്ലീനിംഗ് തൊഴിലാളിയും വേണം. ഡോക്ടർ 2000 മൃഗശസ്ത്രക്രിയ തികച്ച വ്യക്തിയാകണമെന്നാണ് ചട്ടം. കേരളം നിരന്തരം ആവശ്യപ്പെട്ടതിനേതുടർന്ന് ഈ നിബന്ധനയിൽ മാത്രം കേന്ദ്രം ഇളവ് നൽകി.
2. നായ്ക്കളെ കൂട്ടത്തോടെ എത്തിക്കുന്നതിന്റെ പേരിൽ പ്രദേശവാസികളിൽ നിന്നുള്ള എതിർപ്പാണ് മറ്റൊരുപ്രശ്നം.
3. കുടുംബശ്രീയുടെ നേതൃത്വത്തിൽ നായ്ക്കളുടെ വന്ധ്യംകരണ, വാക്സിനേഷൻ നടപടികൾ ഗതിവേഗം കൈവരിച്ചിരുന്നു. എന്നാൽ പുതിയ ചട്ടങ്ങൾ വന്നതോടെ കുടുംബശ്രീ ഔട്ടായി. 2018-19ൽ കുടുബശ്രീ നേതൃത്വത്തിൽ എറണാകുളത്ത് 8790 നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു.
10,03,215 പേർക്ക് കടിയേറ്റു
കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്താകെ പേർക്ക് നായ്ക്കളുടെ കടിയേറ്റു. 47 പേർ പേവിഷബാധയേറ്റ് മരിച്ചു. ലക്ഷണങ്ങൾ കാണിച്ച 22 മരണകാരണം പേവിഷമാണെന്ന് സംശയിക്കുന്നതായും തദ്ദേശ വകുപ്പു ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് രാജു വാഴക്കാലയ്ക്കു ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ജില്ലയിൽ നായ്ക്കളുടെ
കടിയേറ്റവരുടെ എണ്ണം
2023 - 28,925
2022- 28,105
2021- 23,690
2020 -18,354
2024 (ജനുവരി) - 2802
''കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്തിയ ജില്ലകളിൽ ത്രിതല പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് കെട്ടിട നിർമ്മാണവും നടപടികളും വേഗത്തിലാക്കും. സംസ്ഥാനത്ത് 400 പട്ടിപിടുത്തക്കാരേക്കൂടി പരിശീലിപ്പിച്ച് സജ്ജരാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നടപടി പുരോഗമിക്കുന്നു.
- ജെ. ചിഞ്ചുറാണി, മൃഗസംരക്ഷണ മന്ത്രി