നെടുമ്പാശേരി: ആലുവ - കാലടി റോഡിൽ പുറയാറിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനായി 53.71 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി അംഗീകാരം. നേരത്തെ കിഫ്ബിയിൽ നിന്ന് 45.676 കോടി രൂപയുടെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും ഡി.പി.ആറിലുണ്ടായ മാറ്റങ്ങളാണ് എസ്റ്റിമേറ്റ് തുക മാറാൻ കാരണമായതെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ സാങ്കേതികാനുമതി ലഭിച്ചാൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാനാകുമെന്നും എം.എൽ.എ പറഞ്ഞു. 627 മീറ്റർ നീളത്തിലും 10.15 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. രണ്ടുവരി ഗതാഗതത്തിന് 7.5 മീറ്ററും നടപ്പാലത്തിന് 1.5 മീറ്റർ വീതിയുമുണ്ടാകും. കൂടാതെ ഇരുവശത്തുമായി 290 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും കാനയും ഉൾപ്പെടെ 5 മീറ്റർ വീതിയിൽ റോഡിന് ഇരുവശത്തുമായി സർവീസ് റോഡുമുണ്ടാകും.