
കൊച്ചി: ജഗത്ഗുരു ആദി ശങ്കരാചാര്യരുടെ ജീവിതം ഓരോരുത്തർക്കും മാതൃകയാണെന്ന് ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കുന്ന ചിന്മയ ശങ്കരത്തിൽ ഭഗവത്ഗീതയെ അടിസ്ഥാനമാക്കി സംഭവാമി യുഗേ യുഗേ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശങ്കരാചാര്യരുടെ ജീവിതത്തെക്കുറിച്ചും വേദാന്തം പഠിക്കാൻ ശങ്കരാചാര്യർ കാണിച്ച ഉത്സാഹത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ശങ്കരദർശനം ആധുനിക സമൂഹത്തിന് മാതൃകയാക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ആദ്ധ്യാത്മികതയുടെ പാതയിൽ മുന്നേറിയവരാണ് വിജയത്തിൽ എത്തിയവർ ഏറെയും. ഓരോ വ്യക്തിയുടെയും പ്രവർത്തി സ്വന്തം നേട്ടത്തിനുവേണ്ടിമാത്രം ആകരുത്. ലോകനന്മയ്ക്ക് വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു.