സൂപ്പർലീഗ് കേരള ടീമുകളെ പ്രഖ്യാപിച്ചു
കൊച്ചി: സൂപ്പർലീഗ് കേരള ഫുട്ബാൾ ലീഗിലെ ടീമുകളുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. കൊച്ചി പൈപ്പേഴ്‌സ് എഫ്.സി, കാലിക്കറ്റ് എഫ്.സി, തൃശൂർ റോർ എഫ്.സി, കണ്ണൂർ സ്‌ക്വാഡ് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, മലപ്പുറം എഫ്.സി എന്നീ ടീമുകളാണ് ആദ്യ സീസണിൽ കിരീടത്തിനായി ഏറ്റുമുട്ടുക. ഫ്രാഞ്ചൈസി ഉടമകളേയും സഹഉടമകളേയും ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ പരിചയപ്പെടുത്തി.പ്രഥമ സൂപ്പർലീഗ് കേരളയ്ക്ക് സെപ്തംബറിലാണ് കിക്കോഫ്. ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ല.
കായികമന്ത്രി വി. അബ്ദുറഹിമാൻ, കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മുൻ ഇന്ത്യൻ നായകൻ ബൈച്ചുംഗ് ബൂട്ടിയ, സ്‌പോർട്‌സ് കമന്റേറ്റർ ചാരുശർമ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി , ഫുട്‌ബാൾ താരങ്ങളായ ഐ.എം. വിജയൻ, ഷബീർ അലി, സി.വി. പാപ്പച്ചൻ, സി.സി. ജേക്കബ്, വിക്ടർ മഞ്ഞില, എം.എം. ജേക്കബ്, ജോപോൾ അഞ്ചേരി, എൻ.പി. പ്രദീപ്, കെ.കെ. രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടെന്നീസ് താരം മഹേഷ് ഭൂപതിയടക്കമുള്ള ഫ്രാഞ്ചൈസി ഉടമകൾ സന്നിഹിതരായിരുന്നു.
* പൂരം ഒന്നരമാസം
45 ദിവസം നീണ്ടുനിൽക്കുന്നതാണ് സൂപ്പർലീഗ് കേരള. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ ഫുട്‌ബാൾ സൂപ്പർലീഗെന്ന നേട്ടം സൂപ്പർലീഗ് കേരള സ്വന്തമാക്കി. കേരളാ ഫുട്‌ബാൾ അസോസിയേഷനും സ്‌കോർലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്.