കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസ് വിചാരണ നടത്തുന്ന അഡീഷണൽ ജില്ലാ ജഡ്ജി കെ.കമാനീസിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്ത് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. നടപടി വിചാരണ വൈകിപ്പിക്കുമെന്നാണ് ഹർജിക്കാരുടെ വാദം. വിസ്താരം പൂർത്തിയായ കേസിൽ നിലവിലെ ജഡ്ജിയെ തന്നെ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐയും ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
പ്രതികളെ കോടതി ചോദ്യംചെയ്യുന്ന നടപടിയും ഇരു ഭാഗത്തിന്റെ വാദങ്ങളുമാണ് പൂർത്തിയാകാനുള്ളത്. പ്രധാന സാക്ഷികൾ ഉൾപ്പെടെ 160 പേരുടെ വിസ്താരമാണ് 14 മാസം കൊണ്ട് പൂർത്തിയാക്കിയത്. നിലവിലെ ജഡ്ജിക്ക് വിധി പറയാനായില്ലെങ്കിൽ വിസ്താരം ഒഴികെയുള്ള നടപടികൾ പുതിയ ജഡ്ജിയുടെ മുമ്പാകെ ആവർത്തിക്കേണ്ടതുണ്ട്.