thampan-thomas
പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സോഷ്യലിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടറിയുമായ തമ്പാൻ തോമസിന്റെ ശതാഭിഷേക ചടങ്ങിൽ ഭാര്യ സാറാമ്മ തമ്പാൻ കേക്ക് നൽകുന്നു. മക്കളായ അനുപമ തമ്പാൻ, മീനു തമ്പാൻ എന്നിവരും കെ.വി.പി കൃഷ്ണകുമാർ, ഡോമിനിക് പ്രസന്റേഷൻ, എൻ.ഡി. പ്രമചന്ദ്രൻ, പ്രണതാ ഷാജി തുടങ്ങിയവരും സമീപം

കൊച്ചി: തൊഴിലാളികളുടെ അവകാശങ്ങൾക്കായി ദേശീയ-അന്തർദേശീയ വേദികളിൽ പോരാടുന്ന പ്രമുഖ അഭിഭാഷകനും ട്രേഡ് യൂണിയൻ നേതാവും സോഷ്യലിസ്റ്റ് പാർട്ടി ദേശീയ പ്രസിഡന്റും മുൻ എം.പിയുമായ അഡ്വ. തമ്പാൻ തോമസിന് ശതാഭിഷേകം. ഇന്നലെ അദ്ദേഹത്തിന് 84വയസ് പൂർത്തിയായി.

സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ എറണാകുളത്തെ വീട്ടിൽ തൊഴിലാളികളെത്തിച്ച കേക്ക് മുറിച്ചാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.

ഭാര്യ സാറാമ്മയും മക്കളായ അനുപമ തമ്പാനും മീനു തമ്പാനും ഒപ്പമുണ്ടായിരുന്നു. ആദ്യകാല സഹപ്രവർത്തകരും തമ്പാൻ തോമസ് രൂപീകരിച്ച എച്ച്.എം.എസിലെ മൂന്നാം തലമുറക്കാരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസയർപ്പിക്കാനെത്തി. ജയപ്രകാശ് നാരായൺ, എ.കെ. ഗോപാലൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും തൊഴിലാളികൾക്കായി നടത്തിയ പോരാട്ടങ്ങളിലൂടെ ലഭിച്ച ഊർജവും മനസിൽ സൂക്ഷിക്കുന്നതിനാൽ പ്രായമായെന്ന തോന്നൽ തനിക്കില്ലെന്ന് തമ്പാൻ തോമസ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ സഹതടവുകാരനായിരുന്ന സി.പി.എം നേതാവ് എം.എം. ലോറൻസ് ഫോണിൽ ആശംസ അറിയിച്ചു.

ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, പ്രൊഫ. കെ.വി തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, ടി.എ. അഹമ്മദ് കബീർ, എ.എൻ. രാജൻ ബാബു, എൻ.ഡി. പ്രേമചന്ദ്രൻ, ജോസഫ് ജൂഡ്, ഷാജി പ്രണത, അലി അക്ബർ, മനോജ് ടി. സാരംഗ്, ടോമി മാത്യു എന്നിവർ പങ്കെടുത്തു.