chinmaya
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂർ പെരിയപ്പുറത്തെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്ന ലക്ഷ്മിനാരായണ പൂജ.

പിറവം: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ ഓണക്കൂർ പെരിയപ്പുറത്തെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് ചിന്മയാമിഷൻ ആഗോള അദ്ധ്യക്ഷനും സർവകലാശാലാ ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവഹിക്കും. ചിന്മയാമിഷൻ ഗുരുവും സർവകലാശാലയുടെ സ്ഥാപക ചാൻസലറുമായ സ്വാമി തേജോമയാനന്ദ പങ്കെടുക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ലക്ഷ്മിനാരായണ പൂജയ്ക്കും ഹോമത്തിനും സ്വാമി ശാരദാനന്ദ സരസ്വതി മുഖ്യകാർമ്മികത്വം വഹിച്ചു.

കെട്ടിടസമുച്ചയത്തിന്റെ ഭാഗമായ കാന്റീനിന്റെ പ്രവർത്തനോദ്ഘാടനം സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവഹിച്ചു. പൂർണമായും സൗരോർജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം.

പൂജകൾക്ക് മുന്നോടിയായുള്ള ഘോഷയാത്രയിൽ സർവകലാശാല പ്രൊ ചാൻസർ പ്രൊഫ. പസാല ഗീർവാണി, വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ, മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല, രജിസ്ട്രാർ ഇൻ ചാർജ്യ പ്രോഫ.ടി. അശോകൻ, പ്രൊവോസ്റ്റ് പ്രൊഫ. സുധീർ ബാബു യാർലഗഡ, സർവകലാശാല ട്രസ്റ്റ് എക്‌സിക്യുട്ടീവ് സെക്രട്ടറി എൻ.എം.സുന്ദർ, സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് സി.ഇ.ഒ മനീഷ കെമലനി തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് രാവിലെ 11.30ന് അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ എന്നിവ ഉദ്ഘാടനം ചെയ്യും. 80 ഏക്കറിലാണ് സർവകലാശാലയുടെ കെട്ടിട സമുച്ചയം ഒരുങ്ങുന്നത്. ഈ അദ്ധ്യയന വർഷത്തോടെ സർവകലാശാലയിലെ കൂടുതൽ പഠനവകുപ്പുകൾ ലളിത വിദ്യാപ്രതിഷ്ഠാനത്തിലേക്ക് മാറും.