മൂവാറ്റുപുഴ: തെരുവുനായകളുടെ ശല്യം വർദ്ധിക്കുന്നത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ മൂവാറ്റുപുഴ നഗരസഭ ഭരണസമിതി തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം നഗരസഭ അധികൃതർ ഗൗരവത്തിൽ എടുക്കാത്തത് കൊണ്ടാണ് കഴിഞ്ഞദിവസം തെരുവുനായ ആക്രമണത്തിൽ കൊച്ചുകുട്ടികടക്കമുള്ളവർക്ക് കടിയേറ്റത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ നായയാണ് ആക്രമത്തിന് കാരണമെന്ന പ്രചാരണമാണ് നഗരസഭ നടത്തിയത്. ഈ സമീപനം പ്രതിഷേധാർഹമാണ്. നായയുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ നഗരസഭ തയ്യാറാകണം. ആവശ്യമെങ്കിൽ സർവകക്ഷി യോഗം വിളിക്കണം. തെരുവു നായകൾക്കായി അഭയകേന്ദ്രം തുറക്കാൻ നഗരസഭ തയ്യാറാകണം. നായകളുടെ വന്ധ്യകരണ പദ്ധതി വ്യാപകമാക്കണം. ഇതിനെല്ലാം നേതൃത്വം നൽകേണ്ട നഗരസഭ ചിലരെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്ന് സെക്രട്ടറി ഫെബിൻ മൂസ അറിയിച്ചു.