കൊച്ചി : കടൽ മത്സ്യങ്ങൾക്ക് ക്ഷാമം നേരിടവേ കായലിൽ കടൽച്ചൊറിയെന്ന ജെല്ലി ഫിഷ് കൂടിയെത്തിയതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ഇടക്കൊച്ചി ,പള്ളുരുത്തി കായലിലും, ഉൾനാടൻ കായലുകളായ കുമ്പളങ്ങി, കല്ലഞ്ചേരി , കുതിരക്കൂർ കരി തുടങ്ങിയ ഭാഗങ്ങളിലെ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ല.
ജലാവരണത്താൽ നിറഞ്ഞ ചൊറികൾ നീണ്ട കാലുകൾ ഉപയോഗിച്ചാണ് നീന്തുന്നത് . കടലിൽ നിന്ന് കൂട്ടത്തോടെ എത്തിയിരിക്കുന്ന ഇവ മൂലം ഊന്നി വലകളും ചീനവലകളും പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഒരു കിലോ മുതൽ ആറുകിലോഗ്രാം വരെ തൂക്കം ഇവയ്ക്കുണ്ട്. കടൽ ചൊറികളുടെ കട്ടിയുള്ള ദ്രാവകം ദേഹത്തു വീണാൽ കടുത്ത ചൊറിച്ചിൽ അനുഭവപ്പെടും. ഇതോടെ മത്സ്യബന്ധനം നിറുത്തേണ്ട സാഹചര്യമാണ്. കായലിൽ ഉപ്പുരസം മാറി മഴപെയ്താൽ മാത്രമേ ചൊറികൾ നശിച്ചുപോവുകയുള്ളു.
കായലിലും കടലിലും തീരെ മീനുകൾ ഇല്ലാത്ത അവസ്ഥയിലാണ് കൂനിമ്മേൽ കുരു പോലെയാണ് കടൽ ചൊറി സംജാതമായിരിക്കുന്നത്. അധികാരികൾ ഇടപെട്ട് ഇവയെ നശിപ്പിച്ച് മത്സ്യബന്ധനം സുഗമമാക്കാൻ നടപടികൾ സ്വീകരിക്കണം
കെ.കെ. റോഷൻകുമാർ
മത്സ്യ തൊഴിലാളി