മൂവാറ്റുപുഴ: വേനൽമഴക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലിൽ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ശക്തമായ ഇടിമിന്നലിൽ തെങ്ങ്, തേക്ക് അടക്കമുള്ള മരങ്ങളും നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കിഴക്കേ കടവിന് സമീപം ആത്രാശ്ശേരി ഗോപിനാഥൻ നായരുടെ പുരയിടത്തിൽ നിന്ന 80 ഇഞ്ചോളം വണ്ണമുള്ള തേക്ക് മരം ശക്തമായ ഇടിമിന്നലിൽ ചിതറി തെറിച്ച് പോയി. സമീപത്തെ വീടുകളിലടക്കം മരത്തിന്റെ ചിതറിയ കഷണങ്ങൾ വീണങ്കിലും അപകടം ഒഴിവായി. ഇതിന് സമീപത്തുള്ള വാഴക്കാലായിൽ ജോബിയുടെ വീട്ടിലെ നാല് ഫാനും ടി.വിയുമടക്കം കത്തി നശിച്ചു.
മൂവാറ്റുപുഴ നഗരസഭയിലെ ഉറവക്കുഴിയിൽ ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ 3.30ഓടെയാണ് മഴക്കൊപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടായത്.