കൊച്ചി: ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന കുട്ടികളെ സനാതനധർമ്മത്തെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളിൽ പഠിപ്പിക്കരുതെന്ന് അഡ്വ.ജെ.
സായ് ദീപക്ക് പറഞ്ഞു. സ്വാമി ചിന്മയാനന്ദയുടെ നൂറ്റിയെട്ടാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഗോള ചിന്മയമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ചിന്മയശങ്കരം 2024' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് സനാതനധർമ്മം പുലർന്നുകാണാനാണ് സ്വാമി ചിന്മയാനന്ദൻ ആഗ്രഹിച്ചിരുന്നത്. സനാതനധർമ്മത്തിന്റെ പതാകവാഹകരാകാൻ പോകുന്നത് വിദ്യാർത്ഥികളാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ വിദ്യാർത്ഥികളെ കൃത്യമായി ശ്രദ്ധിക്കുകയും മാർഗനിർദ്ദേശം നൽകുകയും വേണം. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് പഠിക്കാതെ വിദ്യാഭ്യാസം പൂർത്തിയാകില്ലെന്ന് മനസിലാക്കണം.
സനാതനധർമ്മത്തിന്റെ പവിത്രത തലമുറകളിലേയ്ക്ക് പകരുന്നതിനായി വിവിധ ഹിന്ദുസംഘടനകൾ മികച്ച വിദ്യാഭ്യാസത്തിന് സംവിധാനം ഒരുക്കണം. നിലവിൽ ദക്ഷിണേന്ത്യയെ ഭാരതത്തിന്റെ പൊതുവെയുള്ള സംസ്‌കാരത്തിൽനിന്ന് വേറിട്ട് നിറുത്താനുള്ള ശ്രമങ്ങൾ വിപുലമായി നടക്കുന്നുണ്ട്. സനാതനധർമ്മത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ദക്ഷിണേന്ത്യതന്നെ ഈ നീക്കങ്ങളെ പ്രതിരോധിക്കണം. രാജ്യത്തെ വിദ്യാഭ്യാസരംഗത്തുണ്ടായിരുന്ന പഴയ ബ്രിട്ടീഷ് അധിനിവേശത്തിന്റെ അടയാളങ്ങൾ കഴിഞ്ഞ പത്തുവർഷംകൊണ്ട് മാറ്റിയെടുക്കാൻ സാധിച്ചെന്നും ഇത് തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചിന്മയശങ്കരത്തിന്റെ വേദിയിലെത്തിയ സായ് ദീപക്കിനെ ജോയിന്റ് കൺവീനർ കെ.എസ്. വിജയകുമാർ പൊന്നാടഅണിയിച്ച് ആദരിച്ചു. ചിന്മയ മിഷനുവേണ്ടി സ്വാമി വിവിക്താനന്ദ സരസ്വതി ഉപഹാരം സമ്മാനിച്ചു.