കൊച്ചി: സർവചരാചരത്തെയും ഒന്നായിക്കണ്ട മഹദ് വ്യക്തിത്വമാണ് ശ്രീ ശങ്കരാചാര്യരെന്ന് എച്ച്.ആർ.ഡി.എസ് ഇന്ത്യ പ്രസിഡന്റ് ഗുരു ആത്മനമ്പി പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിൽ അസമത്വങ്ങൾ വീണ്ടും തലപൊക്കുന്ന കാലത്ത് ശങ്കരാചാര്യരുടെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. കാലടി ശൃംഗേരിമഠത്തിൽ നടന്ന ശങ്കരാചാര്യ ജയന്തി ആഘോഷ പരിപാടി ശ്രീശങ്കര ദിഗ്‌വിജയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമാകെ സുഖമായിരിക്കാനാകുന്ന പ്രവൃത്തികൾ ചെയ്യണമെന്ന ശങ്കരാചാര്യ വചനങ്ങൾ പ്രാവർത്തികമാക്കാൻ നമുക്കാകണം.
ദാനധർമ്മം ചെയ്യുകയെന്നതാണ് മനുഷ്യായുസിലെ ഏറ്റവും വലിയ കർമ്മമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ശൃംഗേരിമഠം മാനേജർ പ്രൊഫ.എ. സുബ്രഹ്മണ്യഅയ്യർ പറഞ്ഞു. അറിവുകൊണ്ട് ജീവിതവിജയം നേടിയ ആദിശങ്കരന്റെ വചനങ്ങൾ മാനവരാശിക്ക് മാതൃകയാണെന്ന് ചടങ്ങിൽ ആദരമേറ്റുവാങ്ങിയ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ പറഞ്ഞു. വിദ്യകൊണ്ട് സമ്പന്നമാകേണ്ട നാളത്തെ തലമുറയെ അംഗീകരിച്ച് അവർക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകുന്ന ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെയും ശൃംഗേരിമഠത്തിന്റെയും കാലടി സായിശങ്കര ശാന്തികേന്ദ്രത്തിന്റെയുമെല്ലാം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
മാണിക്യമംഗലം സായിശങ്കര ശാന്തികേന്ദ്രം, എച്ച്.ആർ.ഡി.എസ് ഇന്ത്യ, പൗർണമിക്കാവ് ട്രസ്റ്റ്, കാലടി ശങ്കരസങ്കേത് ഫൗണ്ടേഷൻ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പള്ളിക്കൽ സുനിൽ, ഡോ. വിപിൻദാസ് കടങ്ങോട്ട്, നരേന്ദ്രഭട്ട് എച്ച്.ആർ, പ്രൊഫ.എസ്. ലത, പി.എൻ. ശ്രീനിവാസൻ, പ്രീതി പറക്കാട്ട്, എച്ച്.ആർ.ഡി.എസ് ഇന്ത്യ പ്രതിനിധി അജി കൃഷ്ണനുവേണ്ടി സഹോദരൻ ബിജു കൃഷ്ണൻ എന്നിവർ ആദരമേറ്റുവാങ്ങി.
ചടങ്ങിൽ പുരസ്‌കാര സമർപ്പണത്തിനുപുറമേ മാതൃവന്ദനം, ഗുരുവന്ദനം, കാരുണ്യ സഹായവിതരണം, 1501 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവിതരണം എന്നിവയും നടന്നു.
ശങ്കര സങ്കേത് ഫൗണ്ടേഷൻ ചെയർമാൻ ടി.എസ്. ബൈജു, പ്രീതി പ്രകാശ് പറക്കാട്ട്, പി.എൻ. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.