കൊച്ചി: മനുഷ്യൻ നന്നായാൽ ഒന്നാകാമെന്ന തത്വമാണ് ശ്രീനാരായണ ഗുരുദേവൻ നമുക്ക് നൽകിയതെന്ന് വർക്കല ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം പോണേക്കര ശാഖയിലെ കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം നന്നാവുക എന്നാൽ ഓരോരുത്തരും ഭക്ഷണം കഴിച്ചും സൗന്ദര്യവും സമ്പത്തും വർദ്ധിപ്പിച്ച് നന്നാവുക എന്നല്ല. സമൂഹത്തിന് മൊത്തത്തിൽ ഗുണകരമായ പ്രവൃത്തികളിലൂടെ പുരോഗതി നേടുകയാണ്. പ്രകൃതിയെയും മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും സ്നേഹിച്ച് ലോകനന്മയ്ക്കായി ജീവിക്കാനാണ് ഗുരുദേവൻ നിർദേശിച്ചതെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശാഖാ പ്രസിഡന്റ് എൻ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, കൗൺസിലർ അംബികാ സുദർശൻ എന്നിവർ സംസാരിച്ചു. പിന്നാക്ക സംവരണത്തെക്കുറിച്ച് മുൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ വി.ആർ.ജോഷിയും സർവമത സമ്മേളനത്തെക്കുറിച്ച് പി.പി.രാജനും പ്രഭാഷണം നടത്തി.