മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടത്തി. ശല്യക്കാരനായ വ്യവഹാരി മൂവാറ്റുപുഴയ്ക്ക് അപമാനം എന്നാരോപിച്ചാണ് എൽ.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഭൂമിയിടപാട് കേസ് ഉൾപ്പെടെ വിവിധ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് എ.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി. എൻ. മോഹനൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തെളിവില്ലാതെ കോടതി തള്ളിയതോടെ കുഴൽനാടൻ തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തെ സ്പർശിയ്ക്കുന്ന പദ്ധതികൾ നടപ്പാക്കാൻ കുഴൽനാടൻ തയ്യാറാകുന്നില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കെ. പി .രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ബാബു പോൾ, എൻ അരുൺ, കെ.എ. നവാസ് , പി.ആർ. മുരളീധരൻ, പി.എം. ഇസ്മയിൽ, ഷാജി മുഹമ്മദ്, ഷൈൻ ജേക്കബ്, വിൽസൺ നെടുങ്കല്ലേൽ, കെ.കെ. അരുൺ തുടങ്ങിയവർ സംസാരിച്ചു.